മുംബൈ : സ്വകാര്യ ലൈഫ് ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരെന്ന വ്യാജേന പോളിസി ഉടമയെ കബളിപ്പിച്ച രണ്ട് പേർ അറസ്‌റ്റിൽ. 42കാരന്‍റെ ഇൻഷുറൻസ് പോളിസിയുടെ മുടങ്ങിക്കിടക്കുന്ന തവണകൾ അടയ്ക്കാനെന്ന പേരില്‍ 1.34 ലക്ഷം രൂപ നൽകാൻ നിർബന്ധിച്ചാണ് കബളിപ്പിച്ചത്.
പ്രതികളായ ശശികാന്ത് ജാദവ് (35), അജിത് കുമാർ അമൃത്‌ലാൽ യാദവ് (30) എന്നിവരെ എടിഎമ്മില്‍ നിന്ന് പണം പിൻവലിച്ചതിന് ദിവസങ്ങൾക്ക് ശേഷം പൊലീസ് കണ്ടെത്തി. പരാതിക്കാരൻ പറയുന്നതനുസരിച്ച്, ഏപ്രിലിൽ റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസിൽ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് ഇരുവരും ബന്ധപ്പെട്ടിരുന്നു. പോളിസി തവണകൾ കാലഹരണപ്പെട്ടുവെന്ന് ഇവര്‍ അറിയിച്ചു.
1,34,000 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ പോളിസി ഉടമയെ നിർബന്ധിച്ചു. പോളിസി വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഇരുവരും കോളുകൾക്ക് മറുപടി നൽകിയില്ല. തുടർന്നാണ് വഞ്ചിക്കപ്പെട്ടതായി പോളിസി ഉടമയ്‌ക്ക് മനസിലായത്.
അന്വേഷണത്തിൽ, പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുകയും അവർ പണം പിൻവലിച്ച താനെയിലെ എടിഎം കിയോസ്‌ക് ട്രാക്ക് ചെയ്യുകയും ചെയ്‌തു. പ്രതികളുടെ പക്കല്‍ നിന്നും രണ്ട് മൊബൈൽ ഫോണുകളും മൂന്ന് ഡെബിറ്റ് കാർഡുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമം (ഐപിസി) സെക്ഷൻ 420 (വഞ്ചന, വഞ്ചനയ്ക്ക് പ്രേരിപ്പിക്കൽ) എന്നിവ പ്രകാരമാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.