ജയ്‌പൂർ : രാജസ്ഥാനിൽ പുലി വീട്ടിനുള്ളിൽ കയറിയതോടെ രണ്ട് കുട്ടികളടക്കമുള്ള അഞ്ചംഗ കുടുംബം രണ്ട് മണിക്കൂറോളം മുറിയിൽ കുടുങ്ങി. ജയ്‌പൂരിലെ മാളവ്യ നഗർ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ന് (മെയ് 7) രാവിലെയാണ് സംഭവം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് പുലിയെ തുരത്തി കുടുംബത്തെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
സമീപത്തെ വനമേഖലയിൽ നിന്ന് വഴി തെറ്റിയാണ് പുലി മാളവ്യ നഗറിലെ ഇൻഡസ്ട്രിയൽ ഏരിയയിലേക്കെത്തിയത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തിയെങ്കിലും അടുത്തുള്ള ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് പുലി പ്രവേശിക്കുകയായിരുന്നു. ഉടനെ പൊലീസും വനംവകുപ്പും കോളജിലെത്തി പുലിയെ തുരത്താനായി മയക്കു വെടിയുതിർത്തെങ്കിലും സമീപത്തുണ്ടായിരുന്ന ഗാർഡിനെ ആക്രമിച്ച ശേഷം ഫാക്‌ടറിക്ക് സമീപമുള്ള വീട്ടിലേക്ക് പുലി ഓടിക്കയറുകയായിരുന്നു.
വീട്ടിൽ പുലി എത്തിയതറിഞ്ഞ കുടുംബം മുറിക്കുള്ളിൽ കയറി വാതിലടക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് വീട്ടിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പുലിയെ മയക്കുവെടി വച്ച ശേഷമാണ് കുടുംബത്തിനെ രക്ഷിക്കാനായത്.
Also Read: തൊടുപുഴയിൽ ഭീതി പരത്തി പുലി; കരിങ്കുന്നത്ത് സർവകക്ഷി യോഗം