ഹൈദരാബാദ് ( തെലങ്കാന ) : നടൻ അല്ലു അർജുനെതിരെ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അനുമതിയില്ലാതെ ആൾക്കൂട്ടം സൃഷ്‌ടിച്ചതിനാണ് കേസ്. ആന്ധ്രാപ്രദേശിൽ നന്ദ്യാലിൽ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും വൈഎസ്ആർസിപി എംഎൽഎയുമായ ശിൽപ രവിയുടെ വീട് സന്ദർശിച്ചതിന് പിന്നാലെയാണ് താരത്തിനെതിരെ പൊലീസ് കേസെടുത്തത്.
ശിൽപ രവിയെ സന്ദര്‍ശിക്കാന്‍ അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ വസതിക്ക് പുറത്ത് നിരവധി ആരാധകര്‍ തടിച്ച് കൂടിയിരുന്നു. മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുടെ അനുമതിയില്ലാതെ ആള്‍ക്കൂട്ടം സൃഷ്‌ടിച്ചതിന് ശിൽപ രവിയ്‌ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ വിഡിയോ അല്ലു അര്‍ജുന്‍ തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പുറത്ത് വിട്ടിരുന്നു.
'പുഷ്‌പ, പുഷ്‌പ' എന്ന് വിളിച്ചുകൊണ്ടാണ് ജനങ്ങൾ തടിച്ച് കൂടിയത്. ജനങ്ങളെ അഭിസംബോധന ചെയ്യാൻ അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡി, ശിൽപ രവി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം ബാൽക്കണിയിൽ എത്തിയതിന്‍റെ വിഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് പൊലീസ് താരത്തിനെതിരെ കുറ്റം ചുമത്തിയത്. കൂടാതെ തെരഞ്ഞെടുപ്പ് ചട്ടത്തിലെ 144-ാം വകുപ്പും എപി പൊലീസ് ആക്‌ടിലെ 31-ാം വകുപ്പും നടനും എംഎൽഎയ്‌ക്കും എതിരെ ചുമത്തിയിട്ടുണ്ട്.