സംഗറെഡി(തെലങ്കാന): കോൺഗ്രസ് തന്നെ വിമർശിക്കുന്നത് അഴിമതി തുറന്നുകാട്ടുന്നതിനാലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബ ഭരണം നടത്തുന്നവർക്ക് അരക്ഷിത ബോധം കൂടുതലായിരിക്കുമെന്ന് പറയപ്പെടുന്നു. തെലുങ്കർ വിദേശത്ത് വലിയ പങ്ക് വഹിക്കുന്നുവെന്നും തെലങ്കാനയിലെ സംഗറെഡിയിൽ അദ്ദേഹം പറഞ്ഞു. ബിജെപി സംഘടിപ്പിച്ച 'വിജയ സങ്കൽപ സഭ'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
കശ്‌മീർ മുതൽ കന്യാകുമാരി വരെ കുടുംബ പാർട്ടികൾ ഭരിച്ചു. എവിടെയാണോ അവരുടെ പാർട്ടിയുണ്ടായിരുന്നത് അവിടെയെല്ലാം അവരുടെ കുടുംബവും വളർന്നു. കൊള്ളയടിക്കാൻ അവർക്ക് എന്തെങ്കിലും ലൈസൻസുണ്ടോ ? നിങ്ങൾ പിന്തുടർച്ച രാഷ്ട്രീയത്തെ എതിർക്കുന്നവരാണോ? കഴിവുള്ള ആളുകളോടുപോലും കുടുംബ പാർട്ടികൾ ന്യായരഹിതമായാണ് പെരുമാറുന്നത്. യുവാക്കൾക്ക് അവസരം ലഭിക്കുന്നില്ല. നിങ്ങളുടെ വിശ്വാസവും അനുഗ്രഹവും ഞാൻ ഒരുക്കലും വിഫലമാക്കില്ല. ഇത് മോദിയുടെ ഉറപ്പ് അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ ജനങ്ങൾ മോദി കുടുംബമാണെന്ന് പറയുന്നു. സംസ്ഥാനത്തെ യുവാക്കളുടെ സ്വപനങ്ങൾ യാഥാർഥ്യമാക്കും. 70 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഞങ്ങൾ ചെയ്‌തു തീർത്തുവെന്നും മോദി പറഞ്ഞു.
കോൺഗ്രസും ഭാരത രാഷ്ട്ര സമിതിയും(BRS) ഒന്നാണെന്നും ഇരു പാർട്ടികളും ഒത്തുകളിക്കുകയായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും മോദി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ബിജെപിയുടെ ജനപ്രീതി കൂടുകയാണ്. ലോകത്തിന് പ്രതീക്ഷയുടെ കിരണമായി നമ്മുടെ രാജ്യം മാറി കഴിഞ്ഞു. രാമക്ഷേത്രം പണിയുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.