ഓള്‍ ഇന്ത്യ ആനിമല്‍ പ്രൊട്ടക്ഷന്‍ ബിഷ്ണോയ് സമാജിന്‍റെ യുവജന വിഭാഗത്തിന്‍റെ ദേശീയ പ്രസിഡന്‍റായി കുപ്രസിദ്ധ ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‍ണോയിയെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുകയാണ് 33 കാരനായ ലോറൻസ് ബിഷ്‌ണോയ്. പഞ്ചാബിലെ അബോഹറിൽ വച്ച് ബിഷ്‍ണോയ് സമാജത്തിന്‍റെ യോഗത്തിലാണ് ലോറൻസിനെ മൃഗസംരക്ഷണ സംഘടനയുടെ ദേശീയ പ്രസിഡന്‍റാക്കാൻ തീരുമാനം ഉണ്ടായത്.
'പഞ്ചാബിലെ അബോഹറിലെ ദുത്രൻവാലി ഗ്രാമത്തിലെ രവീന്ദറിന്‍റെ മകൻ ലോറൻസ് ബിഷ്‌ണോയ്, ഓൾ ഇന്ത്യ ആനിമൽ പ്രൊട്ടക്ഷൻ ബിഷ്‌ണോയ് സമാജ് രജിസ്റ്റർ ചെയ്‌ത നമ്പർ 211/1977, യുവജന വിഭാഗത്തിന്‍റെ ദേശീയ പ്രസിഡന്‍റായി ഏകകണ്‌ഠമായി നിയമിച്ചു,'എന്ന് കത്തിലൂടെ ബിഷ്‍ണോയ് സമാജം അറിയിച്ചു.
കൃഷ്‌ണ മൃഗങ്ങളെ പവിത്രമായി കാണുന്ന ബിഷ്‌ണോയ് സംഘം
രാജസ്ഥാനിൽ കൃഷ്‌ണ മൃഗങ്ങളെ വെടിവെച്ചുകൊന്ന കേസിൽ നടൻ സൽമാൻ ഖാനെ വെടിവച്ച് കൊല്ലുമെന്ന് ബിഷ്‌ണോയ് ഏറെ നാളായി ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി മുഴക്കുന്നതിന് പുറമെ ഏപ്രിൽ 14 ന് സൽമാൻ ഖാന്‍റെ ബാന്ദ്രയിലെ അപ്പാർട്ട്‌മെന്‍റില്‍ ബിഷ്‌ണോയിയുടെ സംഘം വെടിയുതിർത്തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോറൻസിന്‍റെ മുത്തച്ഛന്‍റെ ബന്ധുവായ സാന്ത്റാം ബിഷ്‌ണോയിയാണ് 1977-ൽ മൃഗസംരക്ഷണ സംഘടന രജിസ്റ്റർ ചെയ്‌തത്. ബിഷ്‌ണോയ് സമൂഹം കൃഷ്‌ണ മൃഗങ്ങളെ പവിത്രമായി കണക്കാക്കുകയും ഈ മൃഗങ്ങളെ ഉപദ്രവിക്കുന്നവരെ ശക്തമായി എതിർക്കുകയും ആക്രമിക്കുകയും ചെയ്യുന്നു.
ബിഷ്‍ണോയി സമുദായത്തിന്‍റെ നിര്‍ദേപ്രകാരം മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന കടമ ലോറൻസ് ബിഷ്‍ണോയി ഭംഗിയായി നിറവേറ്റുമെന്നും കത്തിൽ പറയുന്നു. ലോറൻസ് ബിഷ്‍ണോയിയെ സമാജത്തിലേക്ക് തെരഞ്ഞെടുക്കണമെന്ന് ബിഷ്‍ണോയി സമുദായം പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.
'ലോറൻസ് യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നു'
നമ്മുടെ യുവാക്കളെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കാനാണ് ലോറൻസ് ശ്രമിക്കുന്നതെന്ന് അഖിലേന്ത്യ ജീവ് രക്ഷാ ബിഷ്‌ണോയ് സഭ ദേശീയ വൈസ് പ്രസിഡന്‍റ് രമേഷ് ബിഷ്‌ണോയ് പറഞ്ഞു. നമ്മുടെ സമൂഹത്തിൽ വന്യമൃഗങ്ങൾക്ക് അതിന്‍റേതായ പ്രാധാന്യമുണ്ട്. വന്യജീവികളെ സംരക്ഷിക്കാൻ ലോറൻസ് ആളുകളെ പ്രേരിപ്പിക്കുമെന്നും രമേഷ് ബിഷ്ണോയ് വ്യക്തമാക്കി.
ലോറൻസ് ബിഷ്‌ണോയിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തത് 86 കേസുകള്‍
പഞ്ചാബി ഗായകൻ സിദ്ധു മുസേവാല, എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖി, കർണി സേന അധ്യക്ഷൻ എന്നിവരുടെ കൊലപാതകത്തിൽ ബിഷ്‌ണോയിക്ക് പങ്കുണ്ട്. പഞ്ചാബ്, മുംബൈ, കാനഡ എന്നിവിടങ്ങളിലായി കൊലപാതകമുൾപ്പെടെ 85 കേസുകളിൽ പ്രതിയാണ് 33 കാരനായ ലോറൻസ് ബിഷ്‌ണോയ്. കഴിഞ്ഞ വർഷം കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ലോറൻസ് ബിഷ്‌ണോയിക്ക് പങ്കുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ആരോപിച്ചിരുന്നു.
Read Also: ശ്രീനഗറിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ; സൈന്യത്തിന് നേരെ വെടിയുതിർത്തു