ന്യൂഡല്‍ഹി: രാജ്യത്തെ ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് ഇല്ലാതാക്കാനാകില്ലെന്നും ശൈശവ വിവാഹങ്ങൾ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു എന്നുമുള്ള നിരീക്ഷണവുമായി സുപ്രീം കോടതി. ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചു.
ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നിയമത്തെ വ്യക്തിനിയമം കൊണ്ട് മുരടിപ്പിക്കാനാകില്ലെന്ന് വിധി വായിച്ചുകൊണ്ട് ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണ് ഇത്തരം വിവാഹങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ശൈശവവിവാഹം തടയുന്നതിനും, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനും അധികാരികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ശൈശവ വിവാഹ നിരോധന നിയമത്തിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിവിധ സമുദായങ്ങളില്‍പെട്ടവര്‍ ഒന്നിച്ച് നിന്നുകൊണ്ട് ശൈശവ വിവാഹം തടയേണ്ടതുണ്ട്. ശൈശവ വിവാഹത്തിനെതിരെ സമൂഹത്തില്‍ കൃത്യമായ അവബോധം വളര്‍ത്തി എടുത്ത് എല്ലാ സമുദായങ്ങളും ഒന്നിച്ചു നിന്നാല്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ വിജയിക്കുകയുള്ളൂവെന്നും കോടതി ഊന്നിപ്പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ അവബോധം നടത്താൻ നിയമപാലകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്താണ് ശൈശവ വിവാഹ നിരോധന നിയമം 2006?
ഇന്ത്യൻ നിയമമനുസരിച്ച് ശൈശവ വിവാഹം എന്നാല്‍, സ്ത്രീക്ക് 18 വയസിന് താഴെയോ പുരുഷന് 21 വയസിന് താഴെയോ ഉള്ള വിവാഹമാണ്. മിക്ക ശൈശവ വിവാഹങ്ങളിലും പ്രായപൂർത്തിയാകാത്ത സ്ത്രീകളാണ് ഉൾപ്പെടുന്നത്, അവരിൽ പലരും മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും അവബോധമില്ലായ്‌മയും ഉള്ളവരാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശൈശവ വിവാഹം ഇന്ത്യയിൽ ഇപ്പോഴും സാധാരണമാണ്. ഇത് ഇല്ലാതാക്കാൻ സർക്കാരിന്‍റെയും സമൂഹത്തിന്‍റെയും ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായും തുടച്ചുനീക്കാനായിട്ടില്ല. സമൂഹത്തിലെ ശൈശവ വിവാഹങ്ങൾ തുടച്ചുനീക്കുന്നതിനായി, 1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമം പരിഷ്‌കരിച്ച് 2006 ലെ ശൈശവ വിവാഹ നിരോധന നിയമം നടപ്പിലാക്കി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് 1929 ലെ നിയമം ഭേദഗതി ചെയ്‌തത്.
രാജ്യത്ത് പ്രതിദിനം നടക്കുന്നത് 4400 ശൈശവ വിവാഹങ്ങള്‍
ഓരോ മിനിറ്റിലും ഇന്ത്യയില്‍ മൂന്ന് പെണ്‍കുട്ടികള്‍ വീതം നിര്‍ബന്ധിത ശൈശവ വിവാഹത്തിന് ഇരയാകുന്നുവെന്നാണ് ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ ഗവേഷക സംഘം നടത്തിയ പഠനത്തിലുള്ളത്. രാജ്യത്ത് പ്രതിദിനം 4400 ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ കുറച്ചു മാത്രമാണെന്നും ചൈൽഡ് മാര്യേജ് ഫ്രീ ഇന്ത്യ (CMFI) നെറ്റ്‌വര്‍ക്കിന്‍റെ ഭാഗമായ ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ഓരോ മിനിറ്റിലും മൂന്നു പെണ്‍കുട്ടികള്‍ വീതം ശൈശവ വിവാഹത്തിന് ഇരയാകുന്നുണ്ടെങ്കിലും 2022ലെ കണക്കനുസരിച്ച് രാജ്യവ്യാപകമായി പ്രതിദിനം മൂന്ന് കേസുകൾ മാത്രമാണ് രജിസ്‌റ്റര്‍ ചെയ്യുന്നതെന്നും പഠനത്തില്‍ ഉണ്ട്.
Read Also: വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: പ്രത്യേക ഫണ്ട് പരിഗണനയിലെന്ന് കേന്ദ്രം