ന്യൂഡല്‍ഹി : രാജ്യത്തെ 18-ാം ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. 57 മണ്ഡലങ്ങളിലേക്കുള്ള ഏഴാം ഘട്ട വോട്ടെടുപ്പ് നാളെ (ജൂണ്‍ 1) നടക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവ അടക്കം 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഛണ്ഡീഗഡിലുമാണ് നാളെ (ജൂണ്‍ 1) വോട്ടെടുപ്പ് നടക്കുക.
904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനത്തിലാണ്. ദീര്‍ഘ നാളെത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് അദ്ദേഹം ധ്യാനത്തിനെത്തിയത്.
2019ലെ തെരഞ്ഞെടുപ്പിന്‍റെ അവസാനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം നടത്തിയിരുന്നു. അന്ന് ധ്യാനത്തിനായി തെരഞ്ഞെടുത്തത് കേദാര്‍നാഥായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നാണ് ബിജെപിയുടെ വാദം. മാത്രമല്ല കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ സീറ്റ് ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
നരേന്ദ്ര മോദിക്ക് പുറമെ ബോളിവുഡ് നടി കങ്കണ റണാവത്ത്, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, മിസ ഭാരതി തുടങ്ങിയവരും ഏഴാം ഘട്ടത്തില്‍ ജനവിധി തേടും. വന്‍ ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി മൂന്നാം തവണയും ഭരണത്തിലേറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ ആറ് ഘട്ടങ്ങളിലായി 300 ലധികം സീറ്റുകള്‍ പിടിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ വാദം.
വോട്ടെടുപ്പിന്‍റെ ഏഴാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റുകളുടെയെണ്ണം 400 ആയി വര്‍ധിക്കുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നുണ്ട്. ബംഗാളില്‍ 42 സീറ്റില്‍ 30 സീറ്റിലും ഒഡിഷയിലെ 17 സീറ്റില്‍ 12 സീറ്റിലും ബിജെപി വിജയം കൊയ്യുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
അതേസമയം തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ബിജെപി പ്രതീക്ഷകളെല്ലാം തള്ളിക്കളയുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിയ്‌ക്ക് ഇത്തവണ വന്‍ തിരിച്ചടിയായിരിക്കുമെന്നാണ് ഇന്ത്യ സഖ്യം പറയുന്നത്. ഇവിടങ്ങളില്‍ നിന്നുണ്ടാകുന്ന സീറ്റുകളുടെ നഷ്‌ടം മറ്റിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ചെറിയ നേട്ടങ്ങള്‍ കൊണ്ട് നികത്താനാകില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
ബിജെപിയെ പോലെ വന്‍ വിജയം പ്രതീക്ഷിച്ചിരിക്കുകയാണ് കോണ്‍ഗ്രസും. രാജ്യത്ത് എവിടെയും മോദി തരംഗം അലയടിക്കില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഇന്ത്യ സഖ്യത്തോടൊപ്പം ബിജെപിയ്‌ക്കെതിരെ വലിയ രീതിയില്‍ തന്നെ കോണ്‍ഗ്രസ് പൊരുതിയിട്ടുണ്ട്.
ഇത്തവണ രാജ്യത്ത് ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിന് 272 സീറ്റുകള്‍ ലഭിക്കുമെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ സഖ്യത്തില്‍ നിന്ന് തന്നെ രാജ്യത്തെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫലം പ്രഖ്യാപിച്ച് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടികളും നേതാക്കളും വിജയ പ്രതീക്ഷയില്‍ ഇരിക്കവേ ജനവിധി ആര്‍ക്ക് അനുകൂലമായിരിക്കും എന്നതിലേക്കാണ് പൊതുജനം കണ്ണും നട്ടിരിക്കുന്നത്. നാളെ പുറത്ത് വരുന്ന എക്‌സിറ്റ് പോള്‍ ഫലത്തിലൂടെ ഏകദേശ രൂപം ലഭിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ നാലിന് വോട്ടണ്ണെല്‍ പൂര്‍ത്തിയാകുന്നതോടെ യഥാര്‍ഥ ചിത്രം വ്യക്തമാകും.
Also Read: തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്; പ്രചാരണങ്ങൾക്ക് കൊട്ടിക്കലാശം; അവസാന ഘട്ട വോട്ടെടുപ്പ് ശനിയാഴ്‌ച