ന്യൂഡൽഹി: 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തന്‍റെ ജീവിതത്തിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ സിങ്. തന്‍റെ ജീവിതയാത്രയെ കുറിച്ചും രാഷ്‌ട്രീയ ജീവിതത്തെ കുറിച്ചും 77-കാരനായ കോൺഗ്രസ് നേതാവ് വോട്ടര്‍മാരോട് പങ്കുവെച്ചു. പിതാവിന്‍റെ മരണ ശേഷം രഘോഗഡിലേക്ക് താമസം മാറിയതിനെ കുറിച്ചും പ്രാദേശിക വ്യാപാരി കസ്‌തൂർ ചന്ദ് കഠാരിയെ കണ്ടുമുട്ടിയതിനെ കുറിച്ചുമുള്ള കഥയും അദ്ദേഹം പങ്കുവെച്ചു.
'എന്‍റെ പിതാവിന്‍റെ മരണ ശേഷം, എഞ്ചിനീയറിങ് ബിരുദധാരിയായി ഞാൻ രാഘോഗഢിൽ താമസിക്കാൻ എത്തിയപ്പോൾ, റഘോഗഡിലെ പഴയ പട്ടണത്തിലെ വ്യാപാരി ശ്രീ. കസ്‌തൂർ ചന്ദ് കഠാരി എന്നെ കാണാൻ വന്നു. അദ്ദേഹം പറഞ്ഞു, 'രാജാ സാഹേബ്, ഓരോ വ്യക്തിയുടെയും ജീവിത ലക്ഷ്യം ഹിന്ദി അക്ഷരമാല പോലെയാണ്... 'കെ സേ കമായി' (സമ്പാദിക്കുക, നിങ്ങളുടെ കുടുംബത്തെ പോറ്റാൻ കഴിയുന്നത്ര സമ്പാദിക്കുക), 'ജി സെ ഗെഹ്‌ന', (സമ്പാദ്യമുപയോഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കുക), 'ഘ സെ ഘർ' (നിങ്ങൾക്ക് സമ്പാദ്യമുണ്ടെങ്കിൽ ഒരു വീട് നിർമ്മിക്കുക) അതിന് ശേഷം ഒരു പേര് സമ്പാദിക്കുക.' ദിഗ്‌വിജയ സിങ് എക്‌സിൽ കുറിച്ചു.
2024-ലെ പൊതു തെരഞ്ഞെടുപ്പ് തന്‍റെ ജീവിതത്തിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50 വർഷത്തെ രാഷ്‌ട്രീയ വിജയം ജനങ്ങൾക്ക് വിലയിരുത്താനായി വിട്ടുകൊടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
രഘോഗഢിലെ (ഗ്വാളിയോർ സംസ്ഥാനത്തിന് കീഴിലുള്ള) രാജാവായിരുന്ന ബൽഭദ്ര സിങ്ങിന്‍റെ മകൻ ദിഗ്‌വിജയ സിങ് 1969-ൽ രാഘോഗഢ് മുനിസിപ്പൽ കൗൺസിലിന്‍റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്.
1977-ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം കോൺഗ്രസ് തുടച്ച് നീക്കപ്പെട്ടപ്പോഴും ദിഗ്‌വിജയ്, രഘോഗഢ് അസംബ്ലി മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. പിന്നീട് 1998 ലും 2003-ലും രഘോഗഢിൽ നിന്ന് വിജയിച്ചു.
1984-ൽ രാജ്‌ഡഢിൽ നിന്നാണ് ദിഗ്‌വിജയ സിങ് ലോക്‌സഭയിലെത്തുന്നത് 1989-ൽ രാജ്‌ഗഢിൽ നിന്ന് ബിജെപിയുടെ പ്യാരേലാൽ ഖണ്ഡേൽവാളിനോട് പരാജയപ്പെട്ടു. 1989-ൽ കേന്ദ്രത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയ, വിപി സിങ്ങിന്‍റെ ജനതാദൾ സഖ്യത്തിന്‍റെ ഭാഗമായിരുന്നു ബിജെപി. ജനതാദൾ സഖ്യ സർക്കാർ തകർന്നതോടെ, 1991-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദിഗ്‌വിജയ സിങ് വീണ്ടും സീറ്റ് നേടി. 10 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായി സേവനം അനുഷ്‌ഠിച്ചു.
നിലവിൽ രാജ്യസഭ എംപിയായ ദിഗ്‌വിജയ സിങ്, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 2024-ലെ തെരഞ്ഞെടുപ്പിൽ, തന്‍റെ തട്ടകമായ രാജ്‌ഗഢ് മണ്ഡലത്തിൽ നിന്നാണ് ദിഗ്‌വിജയ് സിങ് മത്സരിക്കുന്നത്. രണ്ട് തവണ ബിജെപി എംപിയായ റോഡ്‌മൽ നഗറാണ് മുഖ്യ എതിരാളി. രാജ്‌ഗഢ് നിയോജക മണ്ഡലത്തില്‍ മെയ് 7 ന് ആണ് വോട്ടെടുപ്പ് നടക്കുക.
Also Read : 'രാജ്യത്തിൻ്റെ രാഷ്ട്രീയം തിരുത്താൻ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ട സമയം': മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി