പട്‌ന: ഇന്‍ഡ്യ സഖ്യത്തിലേക്ക് തിരിച്ചുവരാനുള്ള വാതിലുകള്‍ നിതീഷ് കുമാറിന് മുന്നില്‍ തുറന്നുകിടക്കുകയാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ് കുമാറിന് ഒരു അവസരം കൂടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് "അദ്ദേഹം വരികയാണെങ്കില്‍ നോക്കാം, വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്" എന്നായിരുന്നു ലാലു പ്രസാദ് യാദവിന്‍റെ മറുപടി.
രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം അതിന് 'അയോഗ്യനല്ല' എന്നാണ് ലാലു പ്രസാദ് പ്രതികരിച്ചത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിയെ താഴെയിറക്കുമെന്നും ലാലു പ്രസാദ് യാദവ് വാർത്ത ഏജൻസിയോട് പറഞ്ഞു.
കഴിഞ്ഞദിവസം നിയമസഭയില്‍ നിതീഷ്‌കുമാറും ലാലു പ്രസാദ് യാദവും സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. കൂടിക്കാഴ്ചയില്‍ ലാലുവിന് പിന്നിലായി മകന്‍ തേജസ്വി യാദവും ഉണ്ടായിരുന്നു. എന്നാല്‍ നിതീഷ് കുമാറിനോട് ലാലു പ്രസാദ് യാദവിനുള്ള സമീപനമല്ല മകന്‍ തേജസ്വി യാദവിനുള്ളത്.
ബിഹാറിലൂടെ കടന്ന് പോകുന്ന രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനമാണ് തേജസ്വി യാദവ് ഉന്നയിച്ചത്.
"നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം നമ്മുടെ മുഖ്യമന്ത്രി എങ്ങനെയുള്ള ആളാണെന്ന്, അദ്ദേഹം ആരെയും ചെവികൊള്ളുകയില്ല. മരിച്ചാലും ബിജെപിയിലേക്ക് പോകില്ല എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. 2024 ല്‍ എന്തുവിലകൊടുത്തും ബിജെപിയെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞങ്ങള്‍ നിതീഷ് ജി യോടൊപ്പം ചേര്‍ന്നത്. എന്നാല്‍ ഒരു തളര്‍ന്ന മുഖ്യമന്ത്രിയെയാണ് നമ്മള്‍ നിയമിച്ചത്." -തേജസ്വി യാദവ് പറഞ്ഞു. ഒരുമാസം മുമ്പാണ് ഇന്‍ഡ്യ സഖ്യത്തില്‍ പ്രധാനിയായ ജെഡിയു നേതാവ് നിതീഷ് കുമാര്‍ സഖ്യം വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നത്.
ഇതിന് ശേഷം കഴിഞ്ഞ ദിവസം ബിഹാറില്‍ നിന്ന് പുനരാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര സസാറാമിലൂടെ കടന്നുപോകവേ രാഹുല്‍ ഗാന്ധിയെയും നേതാക്കളെയും ജീപ്പില്‍ ഇരുത്തി തേജസ്വി യാദവ് വാഹനം ഓടിക്കുന്ന ദൃശ്യം വാര്‍ത്തയായിരുന്നു. ന്യായ് യാത്ര ഇന്ന് (16-02-2024) വൈകുന്നേരത്തോടെ ഉത്തര്‍ പ്രദേശില്‍ പ്രവേശിക്കും.