കണ്ണൂര്‍ : ലക്ഷദ്വീപിലെ പണ്ടാര ഭൂമി പ്രശ്‌നത്തില്‍ കല്‍പേനി ദ്വീപില്‍ സംഘര്‍ഷം. ഭരണകൂടം ജനങ്ങളുടെ മേല്‍ കുതിര കയറുന്ന നിലപാടാണ് എടുത്തതെന്ന് ആരോപണം. പൊലീസും റവന്യൂ അധികൃതരും ജീവിതം ദുസഹമാക്കുകയാണെന്ന് നാട്ടുകാര്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ ആക്രമിക്കും വിധമാണ് ദ്വീപ് ഭരണകൂടം മുന്നോട്ട് പോകുന്നതെന്നും ഇവര്‍ പറഞ്ഞു.
പണ്ടാര ഭൂമിയിലെ വസ്‌തു വകകളുടെ മൂല്യ നിര്‍ണയത്തിന് കല്‍പേനി ദ്വീപില്‍ ഇന്നെത്തിയ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും ദ്വീപ് പൊലീസും ജനങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. കടുത്ത പ്രതിഷേധത്തിനിടയിലും പൊലീസിനെ ഇറക്കി സര്‍വേ നടത്താനൊരുങ്ങുകയാണ് ഭരണകൂടം. ദ്വീപിലെ 50 ശതമാനത്തിലേറെ ഭൂമി ടൂറിസം എന്ന പേരില്‍ കുത്തകകള്‍ക്ക് കൈമാറാനുളള നിലപാടാണ് ഭരണകൂടം എടുക്കുന്നത് എന്നാണ് പ്രധാന ആരോപണം.
കല്‍പേനിയുടെ വടക്ക് ഭാഗത്ത് മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകളും എണ്ണ സംഭരണ കേന്ദ്രങ്ങളും പൊളിച്ചു മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
നാല് പതിറ്റാണ്ടുകളിലേറെ സ്വന്തം ഭൂമിയായി അനുഭവിച്ചും വീടുവെച്ചും കൃഷിചെയ്‌തും പോന്ന ജനങ്ങളുടെ സ്ഥലത്ത് യാതൊരു നോട്ടീസുമില്ലാതെയാണ് സര്‍വേ നടത്തുന്നത്. ദ്വീപ് ജില്ല കലക്‌ടറുടെ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നങ്കെിലും ഭരണകൂടം സര്‍വേയുമായി മുന്നോട്ട് പോവുകയാണ്.
ചട്ടപ്രകാരമല്ലാത്ത സര്‍വേയാണ് അധികൃതര്‍ നടത്തുന്നതെന്നും നോട്ടീസില്‍ നല്‍കിയ അവധി കഴിയും മുമ്പ് ധൃതി പിടിച്ച് സര്‍വേ നടത്തുന്നതിന്‍റെ പിന്നിലെ അജണ്ട എന്താണെന്നും ദ്വീപ് ജനത ചോദിക്കുന്നു. കലക്‌ടറുടെ ഓര്‍ഡറിനെതിരെ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാനുളള ഇടവേള പോലും ഭരണ കൂടം നല്‍കുന്നില്ലെന്നും ജനങ്ങള്‍ പറയുന്നു.
1884ലെ കരാർ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും 40 വർഷത്തിലേറെയായി തങ്ങൾ ഈ ഭൂമി ഉപയോഗിക്കുന്നുണ്ടെന്നും ലക്ഷദ്വീപ് നിവാസികൾ അവകാശപ്പെടുന്നു. അതേസമയം ഭൂമി സര്‍ക്കാരിന്‍റേതാണെന്ന അവകാശവാദത്തിലാണ് ദ്വീപ് അധികൃതർ, ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ പദ്ധതികൾക്കായി ഭൂമിയില്‍ സര്‍വേ നടത്താനൊരുങ്ങുന്നത്.
താജ് ഹോട്ടലുകളുടെ ഉടമസ്ഥതരായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡും ബീച്ച് റിസോർട്ടുകൾ നിർമ്മിക്കാൻ ലക്ഷദ്വീപില്‍ എത്തിയിട്ടുണ്ട്. കമ്പനി ഇതിനോടകം തന്നെ ലക്ഷദ്വീപിൽ സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
തീരദേശ നിയന്ത്രണ മേഖലയിലെ ചില വ്യവസ്ഥകളിൽ ഇളവ് വരുത്തിക്കൊണ്ടാണ് ലക്ഷദ്വീപിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിന്‍റെ ചുവടുപിടിച്ച്, നിതി ആയോഗിൻ്റെ പിന്തുണയോടെ ഹോസ്‌പിറ്റാലിറ്റി കമ്പനികള്‍ സർവേയുമായി മുന്നോട്ട് പോവുകയാണ്.
അതേസമയം പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള മുഴുവൻ നടപടിക്രമങ്ങൾക്കും കേരള ഹൈക്കോടതി മൂന്ന് മാസത്തേക്ക് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ജഡ്‌ജി പിവി കുഞ്ഞികൃഷ്‌ണനാണ് വെള്ളിയാഴ്‌ച (05-07-2024) ഉത്തരവ് പുറപ്പെടുവിച്ചത്.