ബെംഗളുരു: എട്ട് വര്‍ഷം മുമ്പ് വിദേശത്ത് വച്ച് അപകടത്തില്‍ മരിച്ച സിദ്ധരാമയ്യയുടെ മകന്‍റെ മരണത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്താത്തത് എന്ത് കൊണ്ടെന്ന് ജനതാദള്‍ (എസ്) മുതിര്‍ന്ന നേതാവ് എച്ച്‌ഡി കുമാരസ്വാമി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടാത്തതിന്‍റെ കാരണം അറിയണമെന്നും കുമാരസ്വാമി പറഞ്ഞു.
കുമാരസ്വാമിയുടെ പരാമര്‍ശത്തെ തികഞ്ഞ അവജ്ഞയോടെ തള്ളിയിരിക്കുകയാണ് മുഖ്യമന്ത്രി. എന്ത് വിഡ്ഢിത്തമാണ് ഇയാള്‍ പറയുന്നതെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
സിദ്ധരാമയ്യ ആദ്യം മുഖ്യമന്ത്രിയായ കാലത്ത് 2016 ജൂലൈ മുപ്പതിനാണ് വിവിധ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മകന്‍ രാകേഷ് സിദ്ധരാമയ്യ മരിച്ചത്. ബെല്‍ജിയത്തില്‍ വച്ച് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഹാസനിലെ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ രാജ്യത്ത് നിന്ന് കടന്നത് മുത്തച്ഛന്‍ എച്ച്‌ഡി ദേവഗൗഡ അടക്കമുള്ള കുടുംബാംഗങ്ങളുടെ അറിവോടെയാണെന്ന സിദ്ധരാമയ്യയുടെ പ്രസ്‌താവനയാണ് കുമാരസ്വാമിയുടെ പരാമര്‍ശങ്ങള്‍ക്ക് ഹേതുവായത്. വിഷയം ചര്‍ച്ചയാക്കി നിര്‍ത്തുക എന്നതിന് അപ്പുറം പ്രജ്വലിന് എതിരെയുള്ള ലൈംഗിക പീഡന കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കുമാരസ്വാമി ആരോപിച്ചു.
മുഖ്യമന്ത്രിയുെട മകന്‍ വിദേശത്ത് പോയി ഒരു അപകടത്തില്‍ പെട്ടു. എന്തിനാണ് ഇയാള്‍ വിദേശത്ത് പോയത്. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നോ ആ യാത്ര തുടങ്ങിയ ചോദ്യങ്ങളും മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ കുമാരസ്വാമി ഉയര്‍ത്തി. രാകേഷിന്‍റെ മരണത്തില്‍ എന്ത് കൊണ്ട് സിദ്ധരാമയ്യ അന്വേഷണം നടത്തുന്നില്ല?. എന്ത് കൊണ്ട് എല്ലാം മറച്ച് വയ്ക്കുന്നു?. മുഖ്യമന്ത്രിയാണോ അയാളെ വിദേശത്തേക്ക് അയച്ചത്?
2016ല്‍ രാകേഷ് നടത്തിയ ആ വിദേശയാത്രയില്‍ ഒപ്പം ആരൊക്കെ ഉണ്ടായിരുന്നു എന്ന കാര്യവും വെളിപ്പെടുത്തണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. പ്രജ്വലിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗികപീഡന ആരോപണങ്ങള്‍ തങ്ങളുടെ കുടുംബത്തെ രാഷ്‌ട്രീയമായി വേരോടെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കുമാരസ്വാമി പറഞ്ഞു.
ജെഡിഎസ് രക്ഷാധികാരി എച്ച് ഡി ദേവഗൗഡയുടെ പേരക്കുട്ടിയും ഹസന്‍ ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ(33)യ്ക്കെതിരെ നിരവധി സ്‌ത്രീകളാണ് ലൈംഗിക പീഡന പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഹാസനില്‍ വോട്ടെടുപ്പ് നടന്നതിന്‍റെ പിറ്റേദിവസമായ ഏപ്രില്‍ 27നാണ് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നത്.
ഇയാള്‍ക്കെതിരെ ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐ വഴി പ്രത്യേക അന്വേഷണ സംഘം നടത്തിയ അഭ്യര്‍ത്ഥനയുടെ പശ്ചാത്തലത്തിലാണിത്. പ്രത്യേക അന്വേഷണസംഘത്തിന്‍റെ ആവശ്യപ്രകാരം ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്‍റും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രജ്വലിനൊപ്പം ഇരകളുടെ മുഖവും വ്യക്തമാകും വിധത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ടവര്‍ക്ക് ഇതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് രാകേഷിന്‍റെ മരണം ഈ സമയത്ത് ഉയര്‍ത്തുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതും പ്രജ്വലിന്‍റെ കേസുമായി എന്താണ് ബന്ധമെന്നും മുഖ്യമന്ത്രി ചോദിച്ചു. കുമാരസ്വാമിയുടെ അനന്തരവന്‍ ബലാത്സംഗവീരനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ എവിടെയാണ് പറഞ്ഞിരിക്കുന്നതെന്നും സിദ്ദരാമയ്യ ചോദിച്ചു.
ഇരകളുടെ മുഖം വ്യക്തമാകും വിധത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യം അല്ലെന്നല്ല താന്‍ പറയുന്നത്. ഇതിനെക്കാള്‍ വലിയ പ്രശ്നമാണോ തന്‍റെ മകന്‍റെ മരണം. തന്‍റെ മകന്‍റെ മരണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റകരമാകുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.