കൊൽക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടത്തിയതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മകളുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് മുൻപ് തന്നെ പൊലീസ് കൈക്കൂലി വാഗ്‌ദാനം ചെയ്‌തതായി ബന്ധുക്കള്‍ പറഞ്ഞു.
പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച രാത്രി ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇവർ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. "മകളുടെ മൃതദേഹം വീട്ടിൽ മാതാപിതാക്കളുടെ മുന്നിൽ കിടക്കുമ്പോൾ പൊലീസ് പണം വാഗ്‌ദ നം ചെയ്‌തു, ഇതാണോ പൊലീസിൻ്റെ മനുഷ്യത്വം?" എന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ചോദിച്ചു.
അന്ത്യകർമങ്ങൾ നടക്കുന്നത് വരെ ഏകദേശം 400 ഓളം പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ അതിന് ശേഷം പൊലീസ് പൂർണമായും നിഷ്ക്രിയരായെന്നും നിരുത്തരവാദിത്തപരമായാണ് അന്വേഷണം നടത്തുന്നതെന്നും ഇവർ ആരോപിച്ചു. നീതി ലഭിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്‌ച നടന്ന പ്രതിഷേധത്തിൽ മരിച്ച ഡോക്‌ടറുടെ മാതാപിതാക്കൾക്കൊപ്പം കൊൽക്കത്തയിലെ നൂറുകണക്കിന് ആളുകൾ അവരുടെ വീടുകളിലെ ലൈറ്റുകൾ അണച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഗവർണർ സിവി ആനന്ദ ബോസും രാജ്ഭവനിലെ ലൈറ്റുകൾ അണച്ചും മെഴുകുതിരി കത്തിച്ചും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.
Also Read: ആർജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്‌തു