കൊൽക്കത്ത: യുവ ഡോക്‌ടര്‍ കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്‌ച (ഓഗസ്റ്റ് 18) മുതൽ ഓഗസ്റ്റ് 24 വരെ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് ധര്‍ണയോ റാലിയോ പാടില്ലെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
ആശുപത്രി പരിസരത്ത് ബിഎൻഎസ്എസ് സെക്ഷൻ 163 (2) ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി പ്രക്ഷോഭ കേന്ദ്രമായി മാറിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഡോക്‌ടര്‍മാരുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ഓരോ രണ്ട് മണിക്കൂറിലും സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യാൻ മുഴുവൻ സംസ്ഥാന പൊലീസ് സേനകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
വിവരങ്ങള്‍ കൈമാറാനായി പ്രത്യേക ഇ-മെയിൽ ഐഡിയും ഫാക്‌സ്, വാട്‌സ് ആപ്പ് നമ്പറുകളും ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് സേനകള്‍ക്ക് നൽകി. രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് നിരന്തരമായി സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട വനിത ഡോക്‌ടറെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനും ഡോക്‌ടറുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയതിനും മുൻ ബിജെപി എംപി ലോക്കറ്റ് ചാറ്റർജിക്കും മറ്റ് രണ്ട് ഡോക്‌ടർമാർക്കും എതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തു. ഈ മുന്ന് പേരെ കൂടാതെ, സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 57 പേർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ തനിക്ക് സമന്‍സ് ലഭിച്ചില്ല എന്ന് ലോക്കറ്റ് ചാറ്റർജി പ്രതികരിച്ചു.