ന്യൂഡല്‍ഹി: ലോക്‌സഭ സ്‌പീക്കര്‍ സ്ഥാനത്തേക്ക് എന്‍ഡിഎയുട ഓം ബിര്‍ളയ്ക്കെതിരെ മത്സരിക്കാന്‍ സര്‍ക്കാര്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയായിരുന്നുവെന്ന് ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ്. വിഷയത്തില്‍ അവരുടെ മറുപടി തൃപ്‌തികരമായിരുന്നില്ലെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.
സ്‌പീക്കര്‍ക്കെതിരെ മത്സരിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. തങ്ങള്‍ സര്‍ക്കാരിനെ സമീപിച്ച് ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്ത് അതേക്കുറിച്ച് യാതൊരു ഉറപ്പും കിട്ടിയില്ല. ഇന്നലെ രാവിലെ 11.30 വരെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും കിട്ടിയില്ല. ആദ്യം നിങ്ങള്‍ സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യൂ. അത് കഴിഞ്ഞ് ഡെപ്യൂട്ടി സ്‌പീക്കറെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ഈ മറുപടി തൃപ്‌തികരമായിരുന്നില്ല. അത് കൊണ്ട് സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിഎയുടെ ധിക്കാരപരമായ നിലപാടിനുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്. അവര്‍ വിചാരിച്ചെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. എന്നാല്‍ പ്രതിപക്ഷവുമായി സഹകരിക്കാന്‍ അവര്‍ തയാറായില്ല. ഡെപ്യൂട്ടി സ്‌പീക്കര്‍ പദവിയിലേക്ക് ഒരു അവസരം തരാന്‍ അവര്‍ തയാറായിരുന്നില്ല. അത് കൊണ്ടാണ് കാര്യങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഈ തെരഞ്ഞെടുപ്പിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും എന്‍ഡിഎ സര്‍ക്കാരിനാണ്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബിജെപി നേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങ്ങ് ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു. ഭരണ-പ്രതിപക്ഷ നിര സംബന്ധിച്ച ചര്‍ച്ചകള്‍ക്കായിരുന്നു ക്ഷണം. എന്നാല്‍ ചര്‍ച്ച ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തേക്ക് വഴിമാറിയെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വെളിപ്പെടുത്തി.
ഇന്ത്യാസഖ്യത്തിന്‍റെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി അഭിഷേക് ബാനര്‍ജിയെ ഐക്യകണ്‌ഠേന നിശ്ചയിച്ചെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അവരുടെ നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി കൊടിക്കുന്നില്‍ പറഞ്ഞു. ഡെറിക് ഒബ്രിയാനും കല്യാണ്‍ ബാനര്‍ജിയും ഇന്നലെ ഇന്ത്യാസഖ്യ യോഗത്തില്‍ പങ്കെടുത്തിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചതോടെ അവര്‍ക്ക് എല്ലാം മനസിലായി. അവരും ഞങ്ങളോട് സഹകരിച്ചു.
പതിനെട്ടാം ലോക്‌സഭയില്‍ ശക്തമായ ഒരു പ്രതിപക്ഷ നിരയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായതിനെക്കുറിച്ചുള്ള ചോദ്യത്തോട് കൊടിക്കുന്നിൽ പ്രതികരിച്ചു.ഈ സര്‍ക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെ തങ്ങള്‍ പോരാടുമെന്നും സുരേഷ് വ്യക്തമാക്കി.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്‌പീക്കര്‍ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാസഖ്യത്തിനും ഇത് സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെയാണ് കാര്യങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
1952, 1967, 1976 വര്‍ഷങ്ങളിലാണ് ലോക്‌സഭ സ്‌പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. പരമ്പരാഗതമായി ലോക്‌സഭ സ്‌പീക്കറെയും ഡെപ്യൂട്ടി സ്‌പീക്കറെയും ഭരണ-പ്രതിപക്ഷ കക്ഷികള്‍ പരസ്‌പര ധാരണയോടെയാണ് നിശ്‌ചയിക്കുക.
രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ളയും എട്ട് തവണ എംപിയായ കേരളത്തിലെ മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് സ്‌പീക്കര്‍ പദവിക്ക് വേണ്ടിയുള്ള പോരാട്ടം. പതിനെട്ടാം ലോക്‌സഭയിലെ ഏറ്റവും കൂടുതല്‍ കാലം എംപിയായ വ്യക്തിയാണ് കൊടിക്കുന്നില്‍ സുരേഷ്.