ന്യൂഡൽഹി: ലോക്‌സഭ പ്രോടെം സ്‌പീക്കര്‍ നിയമനത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്ത്. തുടര്‍ച്ചയായി പാര്‍ലമെന്‍റില്‍ എത്താനാകാത്തതാണ് തഴയപ്പെടാന്‍ കാരണമെന്ന് കിരണ്‍ റിജിജു പറഞ്ഞു. 8 തവണ എംപിയായ ആളാണ് കൊടിക്കുന്നിലെങ്കിലും അദ്ദേഹം 1998ലും 2004ലും രണ്ടുതവണ തോറ്റിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തുടർച്ചയായി അദ്ദേഹം എംപിയായി ഇരുന്നിട്ടില്ലെന്നും എന്നാൽ മഹ്താബ് തുടർച്ചയായി എംപി സ്ഥാനത്തുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് ഈ രീതിയിൽ പ്രതികരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ സമ്മേളനം നല്ല രീതിയിൽ തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നലെ മുതൽ പ്രോടെം സ്‌പീക്കർ വിഷയത്തിൽ കോൺഗ്രസ് വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമങ്ങൾ പാലിച്ചുതന്നെയാണ് പ്രോടെം സ്‌പീക്കർ നിയമനം. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം എംപിയായ ആളെയാണ് പ്രോടെം സ്‌പീക്കറാക്കുക.
പ്രോടെം സ്‌പീക്കർ താത്‌കാലികമാണ്. പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ മാത്രമാണ് അദ്ദേഹത്തിന് ചുമതല. അവർക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നും റിജിജു പറഞ്ഞു.
ബിജെപി എംപി ഭർതൃഹരി മഹ്താബാണ് ലോക്‌സഭയിലെ പ്രോടെം സ്‌പീക്കർ. പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും സ്‌പീക്കർ തെരഞ്ഞെടുപ്പിനും ഭർതൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഏഴ് തവണ എംപിയായ ഭർതൃഹരിയെ പ്രോടെം സ്‌പീക്കറായി രാഷ്ട്രപതി ചുമതലപ്പെടുത്തിയത്.
കൊടിക്കുന്നില്‍ സുരേഷ്, ടിആർ ബാലു തുടങ്ങിയവരെ പ്രോടെം സ്‌പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയതായി പാർലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. വ്യാജ വീഡിയോകളും വിലകുറഞ്ഞതും വ്യാജ വാഗ്‌ദാനങ്ങളും നൽകിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചത്. ഇന്നും അത് അംഗീകരിക്കാൻ അവർ തയ്യാറല്ലെന്നും റിജിജു ചൂണ്ടിക്കാട്ടി.
ഇത്രയും വില കുറഞ്ഞ രാഷ്‌ട്രീയം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന കോൺഗ്രസിലെ ആളുകൾ ആരാണ്? കോൺഗ്രസിന്‍റെ വിലകുറഞ്ഞതും വ്യാജവുമായ രാഷ്ട്രീയത്തിൽ വീഴരുതെന്ന് മറ്റെല്ല പ്രതിപക്ഷ പാർട്ടികളോടും എനിക്ക് പറയാനുണ്ട്. രാഹുൽ ഗാന്ധിയോ, സോണിയാ ഗാന്ധിയോ, ഇവർ ആരായാലും, കോൺഗ്രസ് ഇത്തരം വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത്. കർണാടകയിലെ പ്രോടെം സ്‌പീക്കറുടെ കാര്യത്തിൽ സുപ്രീം കോടതിയിലെത്തിയ കപിൽ സിബൽ വാദിച്ച കാര്യവും കോൺഗ്രസ് ശ്രദ്ധിക്കണം.
പൊതുജനങ്ങളിൽ നിന്ന് ജനവിധി ലഭിക്കാത്തപ്പോൾ എന്തിനാണ് ബലപ്രയോഗത്തിലൂടെ ഭരണം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നത്? പാർലമെന്‍റ് ഭരിക്കുന്നത് ഭരണഘടനയാണ്. അല്ലാതെ ആരുടെയും ആഗ്രഹപ്രകാരമല്ല. ആരുടെയും സമ്മർദത്തിന് വഴങ്ങി പാർലമെന്‍റ് പ്രവർത്തിക്കുന്നില്ല.
ഞങ്ങൾ കോൺഗ്രസ് നേതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. അവരും സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇവിടെ ജാതിയുടെയും മതത്തിന്‍റെയും പ്രശ്‌നമില്ല സുരേഷിനെ പ്രകോപിപ്പിക്കുന്ന കോൺഗ്രസ് നേതാവ് ആരാണെന്നും റിജിജു ചോദിച്ചു. പാർലമെന്‍റിന്‍റെ പ്രോടെം സ്‌പീക്കർ എന്നത് ഏറ്റവും മുതിർന്ന എംപിയാണ്. ഇത് ഒരു ലാറ്റിൻ ആശയമാണ്. അദ്ദേഹം സഭയുടെ പിതാവാണ്. ഇതിൽ സ്ഥിരത പുലർത്തേണ്ടത് പ്രധാനമാണ്. റിജിജു ചൂണ്ടിക്കാട്ടി.