ന്യൂഡല്‍ഹി : ജമ്മുകശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പൂഞ്ചില്‍ വ്യോമസേന വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അത്യധികമായ വേദന ഉളവാക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരതയ്ക്കെതിരെയുള്ള രാജ്യത്തിന്‍റെ പോരാട്ടത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
രാജ്യത്തിന് വേണ്ടി ഇത്രയും വലിയ ഒരു ത്യാഗം സഹിച്ച ധീര ജവാന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വ്യോമസേന ജവാന്‍റെ മരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. കശ്‌മീരില്‍ വ്യോമസേന വാഹനത്തിന് നേരെ നടന്ന ആക്രമണം അങ്ങേയറ്റം ഭീരുത്വം നിറഞ്ഞതാണെന്ന് കുറിച്ച രാഹുല്‍ ഇത് അങ്ങേയറ്റം ലജ്ജാകരവും ദുഃഖകരവുമാണെന്നും കുറിച്ചു. രക്തസാക്ഷിത്വം വരിച്ച ജവാന്‍റെ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരുന്നു. പരിക്കേറ്റ ജവാന്‍മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ കുറിച്ചു.
ഇന്നലെ (മെയ് 4) വൈകിട്ട് നടന്ന ആക്രമണത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. അതിര്‍ത്തി ജില്ലയിലെ സുരന്‍കോട്ടെ സനായ് കുന്നിനും മേന്ദാറിലെ ഗുര്‍സായി മേഖലയ്ക്കും ഇടയില്‍ വച്ചായിരുന്നു ആക്രമണം.
പരിക്കേറ്റ ഉദ്യോഗസ്ഥരെ ചികിത്സകള്‍ക്കായി വ്യോമസേന ഹെലികോപ്‌ടറുകളില്‍ ഉധംപൂരിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രാഷ്‌ട്രീയ റൈഫിളിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Also Read: ഭീകരതയുടെ പുതിയ മുഖം ഐസിസ്-ഖൊറാസാന്‍; റഷ്യയെ ലക്ഷ്യമിട്ടതെന്തിന് വിശദമായി അറിയാം
അതേസമയം ജമ്മു കശ്‌മീരില്‍ കഴിഞ്ഞ മാസം 19ന് തുടങ്ങിയ തെരഞ്ഞെടുപ്പ് ഈ മാസം ഇരുപത് വരെ നടക്കുന്ന അഞ്ച് ഘട്ടങ്ങളിലായി പൂര്‍ത്തിയാകും.