ന്യൂഡൽഹി: അഴിമതിവിരുദ്ധ അന്വേഷണ സംവിധാനമായ ലോക്‌പാലിന്‍റെ അധ്യക്ഷനായി സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് എ എം ഖാൻവിൽക്കര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഇന്ന് വൈകിട്ട് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഖാൻവിൽക്കറിന് സത്യവാചകം ചൊല്ലിക്കൊടുത്തു (Lokpal Chairperson Swearing in).
പൂനൈയിൽ ജനിച്ച ജസ്‌റ്റിസ് ഖാൻവിൽക്കർ ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് ഹൈക്കോടതികളിൽ ചീഫ് ജസ്‌റ്റീസായിരുന്നു. സുപ്രധാന വിധികൾ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിരവധി ഭരണഘടനാ ബെഞ്ചുകളിൽ ഖാൻവിൽക്കര്‍ ഭാഗമായിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തില്‍ (ഐപിസി) സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കിയ 377-ാം വകുപ്പിനെ "യുക്തിരഹിതവും, പ്രതിരോധിക്കാനാകാത്തതും, പ്രത്യക്ഷമായി ഏകപക്ഷീയവും" എന്ന് വിലയിരുത്തിയ 2018 സെപ്റ്റംബറിലെ വിധിയാണ് അദ്ദേഹത്തിന്‍റെ സുപ്രധാന വിധികളിലൊന്ന്.
2002 ലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് 63 പേർക്കും പ്രത്യേക അന്വേഷണ സംഘം നൽകിയ ക്ലീൻ ചിറ്റ് ശരിവച്ച സുപ്രീം കോടതി വിധിയിലും ജസ്‌റ്റിസ് ഖാൻവിൽക്കര്‍ ഭാഗമായിരുന്നു. ആധാർ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതായി പ്രഖ്യാപിച്ച ഭരണഘടനാ ബെഞ്ചിലും അദ്ദേഹം ഉണ്ടായിരുന്നു, എന്നാൽ ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ ഫോണുകൾ, സ്‌കൂൾ പ്രവേശനം എന്നിവയുമായി ആധാർ ബന്ധിപ്പിക്കാനുള്ള ചില വ്യവസ്ഥകൾ അദ്ദേഹം റദ്ദാക്കി.
രാജ്യത്തെ ആദ്യ ലോക്‌പാലായ ജസ്‌റ്റിസ് പിനാകി ചന്ദ്ര ഘോഷ് 2022 മേയിൽ വിരമിച്ചിരുന്നു. ഇതിനുശേഷം പുതിയ ലോക്‌പാലിനെ നിയമിച്ചിരുന്നില്ല. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശപ്പ്രകാരം രാഷ്ട്രപതിയാണ് ലോക്‌പാല്‍ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത്. അധ്യക്ഷന്‍ കൂടാതെ ലോക്‌പാലിന് എട്ട് അംഗങ്ങളുണ്ടാകും. അവരിൽ നാലുപേർ ജുഡീഷ്യൽ അംഗങ്ങളും മറ്റ് നാലുപേർ നോൺ ജുഡീഷ്യൽ അംഗങ്ങളുമാകും.
ജസ്‌റ്റിസ് എ എം ഖാൻവിൽക്കറിനെ അധ്യക്ഷനായി നിയമിച്ചതിനൊപ്പം മറ്റ് എട്ട് അംഗങ്ങളെയും നിയമിച്ചിരുന്നു. ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സണും കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസുമായ റിതു രാജ് അവസ്‌തി, ഹിമാചൽ പ്രദേശ് ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് ലിംഗപ്പ നാരായണ സ്വാമി, അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് സഞ്ജയ് യാദവ് എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട ജുഡീഷ്യൽ അംഗങ്ങൾ. മുൻ സിവിൽ സർവീസുകാരായ സുശീൽ ചന്ദ്ര, പങ്കജ് കുമാർ, അജയ് ടിർക്കി എന്നിവരെ നോൺ ജുഡീഷ്യൽ അംഗങ്ങളായും നിയമിച്ചു.