ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെ ജോലിയില്‍ നിന്ന് പുറത്താക്കി. നിയമനം "നിയമവിരുദ്ധവും അസാധുവും" ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബുധനാഴ്‌ച (ഏപ്രിൽ 10) അദ്ദേഹത്തെ സേവനത്തിൽ നിന്ന് ഒഴിവാക്കിയത്.
നേരത്തെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ബിഭവ് കുമാറിനെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ കണ്ടവരുടെ പട്ടികയിൽ കെജ്‌രിവാളിന്‍റെ കുടുംബത്തിന് പുറമെ ബിഭവ് കുമാറിന്‍റെ പേരും ഉയർന്നു വന്നിരുന്നു.
ഡൽഹി വിജിലൻസ് ഡിപ്പാർട്ട്‌മെന്‍റ് സ്‌പെഷ്യൽ സെക്രട്ടറി വൈവിവിജെ രാജശേഖർ പുറപ്പെടുവിച്ച അഞ്ച് പേജുള്ള ഉത്തരവാണ് ബിഭവ് കുമാറിനെ ഉടൻ തന്നെ പിരിച്ചുവിടാൻ വഴിയൊരുക്കിയത്. ബിഭവ് കുമാറിന്‍റെ താത്‌കാലിക നിയമനവുമായി ബന്ധപ്പെട്ട കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനവും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
ബിഭവ് കുമാറിനെ നിയമിക്കുന്നതിന് നിർദേശിച്ച നടപടിക്രമങ്ങളും ചട്ടങ്ങളും സത്യസന്ധമായി പാലിച്ചിട്ടില്ലെന്ന് പ്രസ്‌താവനയിൽ പറയുന്നുണ്ട്. അതിനാൽ, അത്തരമൊരു നിയമനം നിയമവിരുദ്ധവും അസാധുവുമാണ്.
മദ്യ അഴിമതി കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തിങ്കളാഴ്‌ച (ഏപ്രിൽ 8) കെജ്‌രിവാളിന്‍റെ സഹായി ബിഭവ് കുമാറിനെ ചോദ്യം ചെയ്‌തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ബിഭവ് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഇഡി ചാർജ് ഷീറ്റ് പ്രകാരം, ബിഭവിന്‍റെ മൊബൈൽ നമ്പറിന്‍റെ അന്താരാഷ്‌ട്ര മൊബൈൽ ഉപകരണ ഐഡന്‍റിറ്റി 2021 സെപ്റ്റംബറിനും 2022 ജൂലൈയ്ക്കും ഇടയിൽ നാല് തവണ മാറ്റി. ഫെബ്രുവരിയിൽ, ഏജൻസി കെജ്‌രിവാളിന്‍റെ സെക്രട്ടറിയുടെ വീട്ടിൽ 16 മണിക്കൂർ നീണ്ട റെയ്‌ഡ് നടത്തിയിരുന്നു.
ഇതെല്ലാം രാഷ്ട്രീയ പകപോക്കലാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. 23 ഇഡി ഉദ്യോഗസ്ഥർ 16 മണിക്കൂറാണ് ബിഭവ് കുമാറിൻ്റെ വീട്ടിൽ റെയ്‌ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എഎപിയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.