ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ കേസില്‍ റിമാന്‍ഡിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാല് ദിവത്തേക്ക് കൂടെ ഇഡി കസ്‌റ്റഡിയില്‍ വിട്ട് ഡല്‍ഹി റോസ് അവന്യു കോടതി. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ കെജ്‌രിവാളിനെ ഡൽഹി കോടതിയിൽ ഹാജരാക്കിയിരുന്നു. ഉച്ചയ്ക്ക് 1.45 നാണ് കെജ്‌രിവാളിനെ റോസ് അവന്യു കോടതിയിൽ എത്തിച്ചത്. പ്രത്യേക ജഡ്‌ജി കാവേരി ബവേജയാണ് കേസില്‍ വിധി പറഞ്ഞത്.
കെജ്‌രിവാളനെ ഏഴ് ദിവസത്തേക്ക് കൂടി കസ്‌റ്റഡിയില്‍ വിടണമെന്നായിരുന്നു ഇഡി ആവശ്യം. ഇത് രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും പൊതുജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും കോടതിയിലേക്ക് പോകവെ കെജ്‌രിവാള്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇഡിക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായി.
ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്ന മറുപടിയാണ് നല്‍കുന്നതെന്നും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. കെജ്‌രിവാളിനെ മറ്റ് ആളുകളുടെ കൂടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില എഎപി സ്ഥാനാർഥികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും എഎസ്‌ജി പറഞ്ഞു. കെജ്‌രിവാളിനെ ഏഴ് ദിവസത്തേക്ക് ഇഡി കസ്‌റ്റഡിയില്‍ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെജ്‌രിവാള്‍ പാസ്‌വേഡ് വെളിപ്പെടുത്താന്‍ തയാറാകാത്തതിനാല്‍ ഡിജിറ്റല്‍ ഡാറ്റ പരിശോധിക്കാനായില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ പ്രതികൾക്ക് മിണ്ടാതിരിക്കാനുള്ള അവകാശമുണ്ടെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രമേശ് ഗുപ്‌ത പറഞ്ഞത്. ഫോണുകൾ കണ്ടെടുത്തുവെന്നും അദ്ദേഹം പാസ്‌വേഡ് നൽകുന്നില്ലെന്നും അവര്‍ പറയുന്നു. മൗനം പാലിക്കുന്നത് അദ്ദേഹത്തിന്‍റെ അവകാശമാണ്-ഗുപ്‌ത പറഞ്ഞു.
കെജ്‌രിവാളിന് കോടതിയെ നേരിട്ട് അഭിസംബോധന ചെയ്യണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഗുപ്‌ത അറിയിച്ചത്. തുടര്‍ന്ന് കോടതി 5 മിനിറ്റ് അനുവദിച്ചു. 'കഴിഞ്ഞ രണ്ട് വർഷമായി ഈ കേസ് നടക്കുന്നു. ഇപ്പോള്‍ ഞാൻ അറസ്റ്റിലായി. എന്നാല്‍ ഇതുവരെ എനിക്കെതിരെ ഒരു കുറ്റമോ ആരോപണമോ ഉണ്ടായിട്ടില്ല. 31000 പേജുകളുള്ള പ്രസ്‌താവന കോടതിയിൽ സമർപ്പിക്കുകയും വിവിധ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. എന്‍റെ പേര് 4 പ്രസ്‌താവനകളിലാണുള്ളത്'-കെജ്‌രിവാള്‍ പറഞ്ഞു.
'ഒന്നാമതായി, സിസോദിയയുടെ പിഎ ആയ സി അരവിന്ദ്, എന്‍റെ സാന്നിധ്യത്തിലാണ് അദ്ദേഹം രേഖ നൽകിയതെന്ന് പറഞ്ഞു. ഒരുപാട് ആളുകൾ എന്നെ കാണാൻ വരാറുണ്ട്, സംസാരിക്കാറുണ്ട്. ഇത് എന്നെ അറസ്‌റ്റ് ചെയ്യാനുള്ള മതിയായ കാരണമാണോ?' -കെജ്‌രിവാള്‍ ചോദിച്ചു.
'രണ്ടാമതായി, മഗുന്ത ശ്രീനിവാസുലു റെഡ്ഡി കുടുംബ ബന്ധം സ്ഥാപിക്കാനായി എന്നെ കാണാൻ വന്നതാണ്. അദ്ദേഹത്തിന്‍റെ മകനെ അറസ്റ്റ് ചെയ്യുന്നതുവരെ ഈ മൊഴി അതേപടി തുടര്‍ന്നിരുന്നു. അതിനുശേഷം അദ്ദേഹം മൊഴി മാറ്റി, അടുത്ത ദിവസം തന്നെ മകനെ വിട്ടയക്കുകയും ചെയ്‌തു. മൂന്നാമതായി മഗുന്ത റെഡ്ഡി, അദ്ദേഹത്തിന്‍റെ ഏഴ് മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആറ് മൊഴികളിലും എനിക്കെതിരെ ഒന്നും തന്നെ പറയുന്നുണ്ടായിരുന്നില്ല. എന്നാൽ ഏഴാമത്തെ മൊഴിയിൽ അദ്ദേഹം എന്‍റെ പേര് പറയുന്നു.
അഴിമതി നടന്നു എന്ന് പറയുന്ന പണം എവിടെ' എന്നും കെജ്‌രിവാള്‍ ചോദിച്ചു. ആം ആദ്‌മി പാർട്ടിയെ തകർക്കാൻ അവർ പുകമറ സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ശരത് റെഡ്ഡി 55 കോടി രൂപ ബിജെപിക്ക് നല്‍കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ കോടതിയില്‍ ആരോപിച്ചു. കെജ്‌രിവാളിന്‍റെ ആരോപണം ഇഡി നിഷേധിച്ചു.
55 കോടി രൂപയുടെ ഇടപാട് അന്വേഷിക്കണമെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രമേഷ് ഗുപ്‌ത വാദിച്ചു. എന്നാല്‍ കെജ്‌രിവാള്‍ ഗ്യാലറിക്ക് വേണ്ടി കളിക്കുകയാണ് എന്നാണ് ഇഡിയുടെ പ്രതികരണം. ഇഡിയുടെ പക്കൽ എത്ര രേഖകൾ ഉണ്ടെന്ന് കെജ്‌രിവാളിന് എങ്ങനെ അറിയാം എന്ന് ഇഡി ചോദിച്ചു.
എഎപിക്ക് ഹവാല ഇടപാടിലൂടെയാണ് പണം ലഭിച്ചതെന്നും അത് ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നുമുള്ളതിന് തെളിവുണ്ടെന്നും ഇഡി കോടതിയില്‍ പറഞ്ഞു. 'കെജ്‌രിവാള്‍ ആരോപിക്കുന്ന 55 കോടിയുമായി മദ്യ നയക്കേസിന് യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രി ആയത് കൊണ്ടല്ല അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് ചെയ്യാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. 100 കോടി അദ്ദേഹം ആവശ്യപ്പെട്ടു എന്ന് തെളിയിക്കുന്ന രേഖകളുണ്ടെ'ന്നും ഇഡി പറഞ്ഞു.
എക്‌സൈസ് പോളിസി കേസിൽ നാല് സാക്ഷികളാണ് തന്‍റെ പേര് പറഞ്ഞതെന്നും മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാൻ 4 മൊഴികൾ മതിയോ എന്നും കെജ്‌രിവാൾ ചോദിച്ചു. ആം ആദ്‌മി പാർട്ടി അഴിമതി കാണിക്കുന്നു എന്ന പുകമറ രാജ്യത്തിന് മുന്നിൽ സൃഷ്‌ടിച്ചിരിക്കുകയാണെന്നും ഇഡി അന്വേഷണം നേരിടാൻ താൻ തയ്യാറാണെന്നും കെജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞു. വാദം കേട്ട കോടതി നാല് ദിവസം കൂടി കെജ്‌രിവാളിനെ ഇഡി കസ്‌റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു.