ന്യൂഡല്‍ഹി : ഡോക്‌ടറെ കാണാന്‍ അനുവദിക്കാതെയും ഇന്‍സുലിന്‍ നിഷേധിച്ചും തിഹാര്‍ ജയിലില്‍ കെജ്‌രിവാളിനെ മെല്ലെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന ആരോപണവുമായി ആം ആദ്‌മി പാര്‍ട്ടി രംഗത്ത്. ടൈപ്പ് 2 പ്രമേഹബാധിതനായ കെജ്‌രിവാളിന്‍റെ ഇന്‍സുലിന്‍ വേണമെന്നും കുടുംബ ഡോക്‌ടറുമായി ഒരു വീഡിയോ കോണ്‍ഫറന്‍സിങ് നടത്തണമെന്നുമുള്ള ആവശ്യം ജയില്‍ അധികൃതര്‍ നിഷേധിച്ചിരിക്കുകയാണെന്നും പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെജ്‌രിവാളിനെ മെല്ലെ മരണത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. കഴിഞ്ഞ 22 വര്‍ഷമായി കടുത്ത പ്രമേഹ ബാധിതനായ കെജ്‌രിവാളിന് ഇന്‍സുലിന്‍ നിഷേധിക്കുന്ന തിഹാര്‍ അധികൃതര്‍ക്കും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
അറസ്റ്റ് ചെയ്‌ത ശേഷം ഇതുവരെ കെജ്‌രിവാളിന് ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനായി ഇന്‍സുലിന്‍ നല്‍കുന്നില്ലെന്നും ഇത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അഭിഷേക് സിങ്വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടൈപ്പ് 2 പ്രമേഹം ഉണ്ടായിട്ടും കെജ്‌രിവാള്‍ പഞ്ചസാര അടങ്ങിയ പലഹാരങ്ങളും മാമ്പഴവും മറ്റും വന്‍തോതില്‍ കഴിക്കുന്നതായി കഴിഞ്ഞ ദിവസം ഇഡി കോടതിയെ അറിയിച്ചിരുന്നു.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നേടാനാണ് ഇത്തരം ശ്രമമെന്ന ആരോപണവും കോടതിക്ക് മുന്നില്‍ ഇഡി നിരത്തി. എന്നാല്‍ ഈ ആരോപണങ്ങള്‍ കെജ്‌രിവാള്‍ തള്ളി. തന്‍റെ ഡോക്‌ടര്‍ തയാറാക്കിയിട്ടുള്ള ഡയറ്റ് ചാര്‍ട്ട് പ്രകാരമാണ് താന്‍ ഭക്ഷണം കഴിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടില്‍ നിന്ന് 48 തവണ കൊടുത്തയച്ച ഭക്ഷണത്തില്‍ മൂന്ന് തവണ മാത്രമാണ് മാമ്പഴം കൊടുത്തയച്ചതെന്നും സിങ്വി കോടതിയെ ബോധിപ്പിച്ചു. കെജ്‌രിവാളിന് പ്രമേഹ നില പരിശോധിക്കാന്‍ ജയിലില്‍ ഉപകരണം അനുവദിച്ചിട്ടുണ്ട്.
രണ്ടോ നാലോ മാസത്തിന് ശേഷം കെജ്‌രിവാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഭരദ്വാജ് ചൂണ്ടിക്കാട്ടി. ജയിലില്‍ നിന്ന് പുറത്ത് വരുന്ന കെജ്‌രിവാളിന് വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്ക് ചികിത്സ തേടേണ്ടി വരുമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി കൂടിയായ ഭരദ്വാജ് ചൂണ്ടിക്കാട്ടി.