ഡെറാഡൂണ്‍: കേദാര്‍നാഥിന്‍റെ മാതൃകയില്‍ ഡല്‍ഹിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധം. കേദാർനാഥിലെ സന്ന്യാസിമാരുടെയും പുരോഹിതന്മാരുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കേദാർനാഥ് ധാമിന്‍റെ പ്രതീകാത്മക ക്ഷേത്ര നിർമ്മാണത്തിൽ കഴിഞ്ഞ ദിവസം ജ്യോതിർമഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
അടുത്തിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ബുരാരിയിലെ ഹിരാങ്കിയിൽ നടന്ന ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. ക്ഷേത്ര നിർമാണ വിഷയത്തിൽ പ്രതിഷേധക്കാർ സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ഡൽഹിയിൽ കേദാർനാഥ് ധാമിൻ്റെ പേരിൽ ക്ഷേത്രം പണിയുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്‍റെ പവിത്രതയോടുള്ള അനാദരവാണെന്ന് കേദാർനാഥിലെ പുരോഹിതരുടെ സംഘടനയുമായി ബന്ധമുള്ള ഉമേഷ് പോസ്‌റ്റി പറഞ്ഞു.
ദേവഭൂമി രക്ഷാ അഭിയാൻ പ്രസിഡൻ്റ് സ്വാമി ദർശൻ ഭാരതി ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചു, മാത്രമല്ല പദ്ധതി നിർത്തിവയ്ക്കാൻ സനാതൻ വിശ്വാസികളോട് അഭ്യർഥിക്കുകയും ചെയ്‌തു. 'ബാബ കേദാറിൻ്റെ പേര് ദുരുപയോഗം ചെയ്യുന്നത് പാപമാണ്. എല്ലാ സനാതനന്മാരോടും ഉണർന്ന് പ്രവർത്തിക്കണമെന്നും ഈ പദ്ധതി പരാജയപ്പെടുത്തണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു'-എന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി വിശദീകരണം നൽകിക്കൊണ്ട് ബദരീനാഥ് - കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് രംഗത്ത് വന്നു. ഡൽഹിയിൽ ക്ഷേത്രം നിർമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് യാതൊരു ബന്ധവുമില്ല. കേദാർനാഥ് ട്രസ്‌റ്റ് എന്ന സംഘടനയാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'സംസ്ഥാന സർക്കാർ ഇതിൻ്റെ നിർമ്മാണത്തിന് സാമ്പത്തിക സഹായമൊന്നും വാഗ്‌ദാനം ചെയ്‌തിട്ടില്ല. മതപരമായ ചടങ്ങായതിനാൽ ചില ദർശകരുടെയും ജനപ്രതിനിധികളുടെയും ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തത്'- എന്നും അജേന്ദ്ര അജയ് വ്യക്തമാക്കി.
Also Read: അയോധ്യ രാമക്ഷേത്രത്തിൽ ഇന്ദ്രജാല പ്രകടനം; അണിനിരന്നത് 200 മജീഷ്യന്മാർ