ഹൈദരാബാദ് : താപവൈദ്യുത നിലയങ്ങളുടെ നിർമാണത്തെ കുറിച്ച് പഠിക്കാന്‍ തെലങ്കാന സർക്കാർ ജസ്റ്റിസ് എൽ നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തില്‍ കമ്മിഷന്‍ രൂപികരിച്ചതിനെ ചോദ്യം ചെയ്‌ത് കെ ചന്ദ്രശേഖർ റാവു സുപ്രീം കോടതിയില്‍. ഭദ്രാദ്രി, യാദാദ്രി താപവൈദ്യുത നിലയങ്ങളുടെ നിർമാണവും ഛത്തീസ്‌ഗഡിൽ നിന്ന് വൈദ്യുതി വാങ്ങിയതും അന്വേഷിക്കാനാണ് കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചത്. ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കും.
വിഷയത്തില്‍ മുന്‍ തെലങ്കാന മുഖ്യമന്ത്രി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജി കോടതി ജൂൺ 24 ന് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ ചന്ദ്രശേഖർ റാവു സുപ്രീം കോടതിയെ സമീപിച്ചത്. ഭദ്രാദ്രി, യാദാദ്രി താപവൈദ്യുത നിലയങ്ങളുടെ നിർമാണവും ഛത്തീസ്‌ഗഡിൽ നിന്ന് 1,000 മെഗാവാട്ട് വൈദ്യുതി വാങ്ങിയതും അന്വേഷിക്കാൻ ജസ്റ്റിസ് എൽ നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തിൽ തെലങ്കാന സർക്കാർ മാർച്ച് 14-ന് ഒരു കമ്മിഷനെ നിയമിച്ചു. 1952 ലെ കമ്മിഷൻ ഓഫ് എൻക്വയറി ആക്‌ടും 2003 ലെ വൈദ്യുതി നിയമം അനുസരിച്ച് ഇത് പരസ്‌പര വിരുദ്ധമാണ്.
അതുകൊണ്ടാണ് കമ്മിഷൻ റദ്ദാക്കാൻ ചന്ദ്രശേഖർ റാവു ഹർജി നൽകിയത്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടെങ്കിൽ തെലങ്കാന, ഛത്തീസ്‌ഗഡ് സംസ്ഥാന ഇലക്‌ട്രിസിറ്റി റെഗുലേറ്ററി ബോർഡുകൾ തീരുമാനിക്കാത്തിടത്തോളം അത് അന്വേഷിക്കാൻ കമ്മിഷന് അധികാരമില്ലെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.
Also Read: 'ചിലർ പാർട്ടി വിട്ടാലും ബിആർഎസിന് നഷ്‌ടമുണ്ടാകില്ല': കെസിആർ