ജമ്മു : ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ കത്വയിലും സാംബ ജില്ലയിലും തെരച്ചിൽ ശക്‌തമാക്കി സുരക്ഷ സേന. ജൂലൈ 8ന് ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കത്വയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള മച്ചേഡി-കിൻഡ്‌ലി മൽഹാർ റോഡിൽ തിങ്കളാഴ്‌ച വൈകുന്നേരം 3.30 ഓടെയാണ് ആക്രമണം നടന്നത്.
ജമ്മു കശ്‌മീരിലെ സമാധാന അന്തരീക്ഷം തകർക്കാൻ പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ മേഖലയിൽ നടക്കുന്ന ഭീകരാക്രമണമെന്ന് കരുതപ്പെടുന്നതായി അധികൃതർ അറിയിച്ചു. ഭീകരാക്രമണം നടന്ന പ്രദേശം ബിഎസ്‌എഫ് നിരീക്ഷിക്കുന്നുണ്ടെന്നും, വെസ്‌റ്റേൺ കമാൻഡിന് കീഴിലുള്ള 9 കോർപ്‌സ് ഓഫ് ആർമിയുടെ അധികാരപരിധിയിലാണ് ഇത് വരുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഭീക്രാക്രമണത്തിൽ വീരമൃത്യു വരിച്ച അഞ്ച് സൈനികരും ഉത്തരാഖണ്ഡ് സ്വദേശികളാണ്. പൗരിയിൽ നിന്നുള്ള റൈഫിൾമാൻ അനുജ് നേഗി, രുദ്രപ്രയാഗിൽ നിന്നുള്ള നയബ് സുബേദാർ ആനന്ദ് സിങ് റാവത്ത്, തെഹ്‌രിയിൽ നിന്നുള്ള നായിക് വിനോദ് സിങ്, പൗരിയിൽ നിന്നുള്ള കമൽ സിങ്, തെഹ്‌രിയിൽ നിന്നുള്ള ആദർശ് നേഗി എന്നിവരാണ് അവർ.
മൽഹാറിലെ ബദ്‌നോട്ട മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. ഗ്രാമത്തിലൂടെ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു.
ജമ്മു കശ്‌മീരിലെ റിയാസി മേഖലയിൽ അടുത്തിടെ നടന്ന ആക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ അടുത്തിടെയായി നടന്നിരിന്നു. ജൂൺ 9 ന് മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോയ ബസിന് നേരെ ഭീകരാക്രമണം നടന്നു. ആക്രമണത്തിൽ ബസിലെ ഒമ്പത് പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഈ സംഭവങ്ങളിൽ എൻഐഎ അന്വേഷണം നടത്തി നിരവധി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സുരക്ഷ സേനയ്ക്കും സിവിലിയന്മാർക്കും നേരെ നിരവധി ആക്രമണങ്ങളോടെ ഈ പ്രദേശത്ത് സമീപ മാസങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ വർധനവ് കണ്ടുവെന്നും അധികൃതർ പറഞ്ഞു.
Also Read: കത്വ ഭീകരാക്രമണം; ഉള്ളുലഞ്ഞ് ഉത്തരാഖണ്ഡ്