ശ്രീനഗര്‍: ഭീകരാക്രമണമുണ്ടായ കത്വയില്‍ അക്രമികളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം. എലൈറ്റ് പാരാ ഗ്രൂപ്പുകള്‍ ഉള്‍പ്പടെയാണ് മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. മേഖലയില്‍ കഴിഞ്ഞ ദിവസം സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.
മൽഹാറിലെ ബദ്‌നോട്ട മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. ഗ്രാമത്തിലൂടെ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു.
ഏറ്റുമട്ടലിൽ ആദ്യം 4 സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികൻ രാത്രിയോടെ മരണപ്പെട്ടു. അക്രമികളെ നേരിടാൻ പ്രദേശത്തേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
കത്വയിൽ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ, ആ പ്രദേശത്തേക്ക് പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘവും എത്തിയിരുന്നു. മാത്രമല്ല ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ നാലാഴ്‌ചയ്ക്കിടെ കത്വ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. ജൂൺ 12, 13 തീയതികളിൽ നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. ജൂൺ 26 ന് ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള വെടിവയ്‌പിൽ മൂന്ന് വിദേശ ഭീകരർ കൊല്ലപ്പെട്ടതിന് ശേഷം രണ്ടാഴ്‌ചയ്ക്കുള്ളിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
Also Read: ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു