ശ്രീനഗര്‍: ഏറെക്കാലത്തെ അനിശ്ചിത്വത്തിനൊടുവില്‍ കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒമര്‍ അബ്‌ദുള്ളയുടെ കീഴില്‍ നാഷണല്‍ കോണ്‍ഫറൻസ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത് പുതിയ രാഷ്‌ട്രീയ സമവാക്യങ്ങളുടെ വഴിത്തിരിവിലേക്കാണ് നയിച്ചത്. 6 വര്‍ഷത്തെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് ശേഷമാണ് കശ്‌മീരില്‍ പുതിയ സര്‍ക്കാര്‍ വന്നത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ആദ്യ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഒമര്‍ അബ്‌ദുള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, കശ്‌മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഭരണനിര്‍വഹണ സംവിധാനത്തില്‍ ഇപ്പോഴും അനിശ്ചിതത്വവും ആശയക്കുഴപ്പവും തുടരുകയാണ്. മുമ്പ് സംസ്ഥാനം ഭരിച്ച രാഷ്ട്രീയക്കാർ ഇപ്പോൾ വീണ്ടും അധികാരത്തിൽ വന്നെങ്കിലും അവരുടെ ചുമതലകളും അധികാരങ്ങളും മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ വളരെയധികം പരിമിതമാണ്. ഏറ്റവും ശക്തമായ നിയമനിർമാണ സഭയായിരുന്ന മുൻ നിയമസഭയില്‍ നിന്നും ഇപ്പോഴത്തെ നിയമസഭ വ്യത്യസ്‌തമാണ്. മുന്നത്തേ അപേക്ഷിച്ച് കശ്‌മീരിലെ നിയമസഭാ അംഗങ്ങള്‍ക്കും കുറച്ച് അധികാരങ്ങൾ മാത്രമേ ഉണ്ടാകൂ. ഭൂരിഭാഗം കാര്യങ്ങളും കേന്ദ്രം നേരിട്ട് നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യും.
മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയും അദ്ദേഹത്തിന്‍റെ മന്ത്രിസഭയും മുന്നോട്ട് പോകണമെങ്കില്‍ കേന്ദ്രം കനിയേണ്ട സ്ഥിതിയാണ്. ഒരുകാലത്ത് എൻഡിഎയുടെ ഭാഗമായിരുന്ന നാഷണൽ കോൺഫറൻസ് ബിജെപി നേതൃത്വവുമായി സഹകരിച്ച് സഖ്യമായി പ്രവര്‍ത്തിച്ചിരുന്നു, ഒമർ അബ്‌ദുള്ളയോട് അന്ന് മൃദു സമീപനമാണ് കേന്ദ്രത്തിലെ എൻഡിഎ സര്‍ക്കാര്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഇത്തവണ എൻഡിഎയെ പരാജയപ്പെടുത്തിയാണ് ഒമര്‍ മുഖ്യമന്ത്രിയായത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരുമായി ഒത്തുപോകാൻ കശ്‌മീരിലെ പുതിയ സര്‍ക്കാരിന് സാധിക്കില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നിരുന്നാലും, ഒമര്‍ അബ്‌ദുള്ളയും നാഷണല്‍ കോണ്‍ഫറൻസും മറുകണ്ടം ചാടുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് തന്നെയാണ് കശ്‌മീരിലെ പുതിയ മന്ത്രിസഭയുടെ ഭാഗമാകേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതെന്നതും വിലയിരുത്തുന്നു. പ്രധാനമന്ത്രി മോദിയുമായും അമിത് ഷായുമായും ഒമര്‍ കൂടിക്കാഴ്‌ച നടത്താനുള്ള സാധ്യതയും കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. നാഷണല്‍ കോണ്‍ഫറൻസുമായി സഖ്യത്തോടെ എക്കാലവും നില്‍ക്കാൻ കഴിയില്ലെന്നും കോണ്‍ഗ്രസും വിശ്വസിക്കുന്നു.
കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറൻസും പഴയ ശത്രുക്കള്‍
ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുകയാണെങ്കില്‍ എവിടെയും കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറൻസും ഒരുമിച്ച് നിന്നതായി കാണാൻ സാധിക്കില്ല. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന സമയത്ത് നാഷണല്‍ കോണ്‍ഫറൻസിന്‍റെ സ്ഥാപകൻ ഷെയ്ഖ് അബ്‌ദുള്ളയെ ജയിലിലടച്ചിരുന്നു. ഇന്ദിരാഗാന്ധി അധികാരത്തിലിരുന്നപ്പോഴാണ് ഫാറൂഖ് അബ്‌ദുള്ളയെ കശ്‌മീരിന്‍റെ ഭരണത്തില്‍ നിന്നും താഴെയിറക്കിയത്. ഒമർ അബ്‌ദുള്ളയും ഗാന്ധി സഹോദരങ്ങളും തമ്മില്‍ ഒരു ഇരുണ്ട കാലഘട്ടത്തിന്‍റെ ഓര്‍മകളാണ് ഉള്ളത്.
അതേസമയം, കശ്‌മീരിന്‍റെ മുൻ മുഖ്യമന്ത്രിയായിരുന്ന മെഹ്‌ബൂബ മുഫ്‌തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ദയനീയമായി ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മെഹ്‌ബൂബ മുഫ്‌തിയുടെ മകള്‍ ഇൽതിജ മുഫ്‌തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചിട്ടും ഒരു കാലത്ത് നാഷണല്‍ കോണ്‍ഫറൻസിന്‍റെ കോട്ടയായ ബിജ്ബെരയിൽ നിന്ന് ദയനീയമായി അവര്‍ പരാജയപ്പെടുകയായിരുന്നു. ബിജെപിക്കൊപ്പം സഖ്യം രൂപീകരിച്ചതാണ് പിഡിപിയുടെ പതനത്തിന് കാരണമെന്നും വിലയിരുത്തുന്നു.
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമോ?
പണ്ട് പിഡിപി നേരിട്ട അതേസാഹചര്യമാണ് ഇന്ന് നാഷണല്‍ കോണ്‍ഫറൻസും നേരിടാൻ പോകുന്നതെന്ന റിപ്പോര്‍ട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാരിനെ അവഗണിച്ച് ഒമര്‍ അബ്‌ദുള്ളക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് വാഗ്‌ദാനം നല്‍കി അധികാരത്തിലെത്തിയ ഒമര്‍, ഇനി കേന്ദ്ര സര്‍ക്കാരിന്‍റെ സമ്മര്‍ദങ്ങള്‍ക്ക് വഴി ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് നാഷണല്‍ കോണ്‍ഫറൻസ് ചർച്ച ചെയ്യുമെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. ഒമര്‍ അബ്‌ദുള്ളയുടെ സര്‍ക്കാരിന് മുന്നോട്ട് പോകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണ നിര്‍ണായകമാണ്. ഈ അവസരം മുതലെടുക്കാൻ എൻഡിഎ സര്‍ക്കാരും ശ്രമിച്ചേക്കും. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്, സിപിഎം പിന്തുണയോടെ 49 എംഎല്‍എമാരുമായാണ് നാഷണല്‍ കോണ്‍ഫറൻസ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. 29 സീറ്റുകള്‍ വിജയിച്ച ബിജെപിയാണ് ജമ്മു കശ്‌മീരിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി.