ഹാസൻ (കർണാടക): ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രൂപസാദൃശ്യമുള്ളയാളെ കൊന്ന് അപകടത്തിൽ മരിച്ചതായി വരുത്തിത്തീർത്ത കേസിൽ രണ്ടുപേർ പിടിയിൽ. കർണാടകയിലെ ഹാസൻ ജില്ലയിൽ ഗണ്ഡസിയിലാണ് സംഭവം.
മുനിസ്വാമി ഗൗഡ എന്നയാളാണ് തന്‍റെ ഭാര്യയുടെയും സുഹൃത്തായ ട്രക്ക് ഡ്രൈവറുടെയും സഹായത്തോടെ സ്വന്തം മരണത്തിന് സിനിമയെ വെല്ലുന്ന തിരക്കഥ തയ്യറാക്കിയത്. സംഭവത്തില്‍ മുനിസ്വാമിയും ട്രക്ക് ഡ്രൈവർ ദേവേന്ദ്ര നായികും അറസ്‌റ്റിലായി. ഗൂഡാലോചനയില്‍ പങ്കാളിയായ മുനിസ്വാമിയുടെ ഭാര്യ ശിൽപ റാണി ഒളിവിലാണ്.
തുടക്കം ഇങ്ങനെ: ഓഗസ്‌റ്റ് 13 ന് പുലർച്ചെ 3.15 ന് ഗൊല്ലരഹോസല്ലി ഗേറ്റ് ഏരിയയ്ക്ക് സമീപം കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തുടര്‍ന്ന് സാധാരണ വാഹനാപകടമെന്ന നിലയില്‍ പൊലീസെത്തി രണ്ട് വാഹനങ്ങളും കസ്‌റ്റഡിയിലെടുക്കുകയും, മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്‌തു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെ ശിൽപ റാണി പോലീസ് സ്‌റ്റേഷനിലെത്തി മൃതദേഹം തൻ്റെ ഭർത്താവ് മുനിസ്വാമി ഗൗഡയുടേതാണെന്ന് തിരിച്ചറിഞ്ഞു. ശിൽപ റാണി നൽകിയ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും പരിശോധിച്ചശേഷം പൊലീസ് മൃതദേഹം വിട്ടുകൊടുത്തു. തുടർന്ന് ചിക്കകൊലിഗ ഗ്രാമത്തിൽ മൃതദേഹം സംസ്‌കരിച്ചു.
തിരക്കഥ പൊളിയുന്നു: പോസ്‌റ്റ്‌മോർട്ടത്തിനിടെ മൃതദേഹത്തിന്‍റെ കഴുത്തിൽ കയർ മുറുക്കിയ പാടുകൾ കണ്ടെത്തിയതോടെയാണ് മുനിസ്വാമിയുടെ തിരക്കഥ പൊളിയുന്നത്. പാട് കണ്ട് സംശയം തോന്നിയ പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് ബിസിനസ് പൊളിഞ്ഞതോടെ കടക്കെണിയിലായ മുനിസ്വാമി ഭീമമായ ഇൻഷുറൻസ് തുക തട്ടിയെടുക്കാന്‍ നടത്തിയ കൊടും ക്രൂരത വെളിച്ചത്തുവന്നത്.
ഇരയെ കണ്ടെത്തല്‍: മുനിസ്വാമിയോട് രൂപസാദൃശ്യമുള്ള ആളെ കണ്ടെത്തുക എന്നതായിരുന്നു മൂവര്‍ സംഘത്തിന്‍റെ ഗൂഡാലോചനയുടെ ആദ്യ പടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാളെ കണ്ടെത്തുകയും മുനിസ്വാമിയും ഭാര്യയും ഇയാളോട് സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തു.
ഗൂഡാലോചനയുടെ തിരക്കഥപ്രകാരം ഓഗസ്‌റ്റ് 12-നും 13-നും ഇടയ്ക്കുള്ള രാത്രിയിൽ മുനിസ്വാമി തന്‍റെ അപരനെ സിദ്‌ലഘട്ട എന്ന സ്ഥലത്തേക്ക് ക്ഷണിച്ചു. തുടർന്ന് രണ്ടാളും ചേര്‍ന്ന് കാറില്‍ അവിടേക്ക് തിരിക്കുകയും ട്രക്ക് ഡ്രൈവർ തന്‍റെ ട്രക്കില്‍ ഇവരെ പിന്തുടരുകയും ചെയ്‌തു. ഇതിനിടെ ടയർ പഞ്ചറായെന്ന വ്യാജേന മുനിസ്വാമി കാര്‍ നിര്‍ത്തുകയും അപരനോട് ടയര്‍ മാറ്റാന്‍ സഹായം തേടുകയും ചെയ്‌തു.
അപരന്‍ ടയര്‍ മാറാന്‍ ശ്രമിക്കവേ ട്രക്കുമായി ഡ്രൈവർ അവിടേക്കെത്തി. ട്രക്ക് അടുത്തെത്തിയപ്പോൾ മുനിസ്വാമി അപരന്‍റെ കഴുത്തില്‍ കയറിട്ട് കുരുക്കിയ ശേഷം വാഹനത്തിനടിയിലേക്ക് തള്ളിയിടുകയായിരുന്നു. അപ്പോൾ തന്നെ ട്രക്ക് കാറിലേക്ക് ഇടിച്ചുകയറ്റുകയും ചെയ്‌തു. തുടർന്ന് അപരന്‍റെ മരണം ഉറപ്പാക്കിയശേഷം മുനിസ്വാമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ശിൽപാ റാണി എത്തി മൃതദേഹം തിരിച്ചറിയുകയും മരിച്ചത് മുനിസ്വാമിയാണെന്ന് അവകാശപ്പെടുകയുമായിരുന്നു. 'ശിൽപാ റാണി മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചയാൾ തൻ്റെ ഭർത്താവാണെന്ന് പറഞ്ഞു. തുടർന്ന് അദ്ദേഹത്തിൻ്റെ അന്ത്യകർമ്മങ്ങൾ നടത്താൻ ഞങ്ങൾ അനുവദിച്ചു.' ജില്ലാ പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജീത പറഞ്ഞു.
ആഴത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തിയതെന്ന് എസ്‌പി പറഞ്ഞു. 'മുനിസ്വാമി ഗൗഡയെയും ലോറി ഡ്രൈവർ ദേവേന്ദ്ര നായിക്കിനെയും ഞങ്ങൾ കസ്‌റ്റഡിയിലെടുത്തു, ഒളിവിലുള്ള ശിൽപ റാണിയെ ഞങ്ങൾ അന്വേഷിച്ചുവരികയാണ്. അവളെ ഉടൻ കണ്ടെത്തും.' മുഹമ്മദ് സുജീത കൂട്ടിച്ചേർത്തു.
Also Read: