ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സ്വർണാഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് കൈമാറുന്ന പ്രത്യേക കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്‌തു (Karnataka High Court stays handing over Jayalalithaas gold to Tami Nadu government ). ജസ്റ്റിസ് പി എം നവാസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ജയലളിതയുടെ മകൾ ജെ ദീപ നൽകിയ ഹർജി പരിഗണിക്കവയെയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
കേസിൽ എതിർപ്പ് രേഖപ്പെടുത്താൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് അറിയിപ്പ് നൽകി. കേസിൽ വാദം കേൾക്കുന്നത് മെയ് 26 ലേക്ക് മാറ്റി. അഴിമതി ആരോപണങ്ങളിൽ സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് ജയലളിത (former Tamil Nadu Chief Minister Jayalalithaa) മരിച്ചതായും ഇക്കാരണത്താൽ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തയാണെന്നും വിചാരണയ്ക്കിടെ അഭിഭാഷകൻ പറഞ്ഞു. ജയലളിതയുടെ നിയമപരമായ അനന്തരാവകാശിയാണ് ഹർജിക്കാരിയെന്നും, അതിനാൽ തന്നെ അവരുടെ സ്വർണാഭരണങ്ങൾ ഹർജിക്കാരിക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ സ്വർണാഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് കൈമാറാനുള്ള നടപടികൾ സ്‌റ്റേ ചെയ്‌തതായും എതിർപ്പുകൾ ഫയൽ ചെയ്യാൻ നോട്ടിസ് നൽകിയ ശേഷം വാദം കേൾക്കൽ മെയ് 26 ലേക്ക് മാറ്റിവെച്ചതായും കോടതി പറഞ്ഞു.
പ്രത്യേക കോടതിയുടെ ഉത്തരവ് എന്ത്:
വിവരാവകാശ പ്രവർത്തകൻ ടി നരസിംഹമൂർത്തി സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജയലളിതയുടെ സ്വർണാഭരണങ്ങൾ മാർച്ച് 6, 7 തിയതികളിൽ തമിഴ്‌നാട് സർക്കാരിന് കൈമാറാനായി നിശ്ചയിച്ചത്. സ്വർണാഭരണങ്ങൾ കസ്റ്റഡിയിലെടുക്കാൻ അംഗീകൃത വ്യക്തിയെ നിയമിക്കണമെന്നും നിർദേശിച്ചിരുന്നു. ഇവർക്കൊപ്പം തമിഴ്‌നാട് സർക്കാർ, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, തമിഴ്‌നാട് ഐജിപി എന്നിവരും ഉണ്ടായിരിക്കണമെന്നും നിർദേശം നൽകിയിരുന്നു.
ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, ആറ് വലിയ പെട്ടികൾ എന്നിവയോടൊപ്പം സുരക്ഷ ഉദ്യോഗസ്ഥരെയും കൊണ്ടുവന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങാനാണ് നിർദേശിച്ചത്. തമിഴ്‌നാട് ഡിവൈഎസ്‌പി ഇക്കാര്യം ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അറിയിച്ചിരുന്നു.
കേസ് ഇങ്ങനെ: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 1996 ഡിസംബര്‍ 11 ന് ജയലളിതയുടെ ചെന്നൈ നഗരത്തിലെ വസതിയായ പോയസ് ഗാര്‍ഡനില്‍ തമിഴ്‌നാട് അഴിമതി വിരുദ്ധ ബ്യൂറോയിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിനെ തുടര്‍ന്നാണ് സംഭവവികാസങ്ങളുടെ തുടക്കം. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്‌തുക്കളാണ് സംഘം റെയ്‌ഡിൽ പിടിച്ചെടുത്തത്. 7,040 ഗ്രാം തൂക്കം വരുന്ന 468 തരം സ്വർണ-വജ്രാഭരണങ്ങൾ, 700 കിലോ തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ, വിലകൂടിയ 740 ചെരിപ്പുകൾ, 11,344 പട്ടുസാരികള്‍, 250 ഷാളുകള്‍, 12 റഫ്രിജറേറ്ററുകൾ, 10 ടെലിവിഷന്‍ സെറ്റുകള്‍, എട്ട് വിസിആറുകള്‍, ഒരു വീഡിയോ കാമറ, നാല് സിഡി പ്ലയറുകള്‍, 24 ടു ഇന്‍ വണ്‍ ടേപ്പ് റെക്കോര്‍ഡര്‍, 1,040 വീഡിയോ കാസറ്റുകള്‍, മൂന്ന് ഇരുമ്പ് ലോക്കറുകള്‍, പണമായി 1,93,202 രൂപ തുടങ്ങിയവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.