ബെംഗളൂരു : അപകടകാരികളായ 23 ഇനം നായ്ക്കളുടെ പ്രജനനം നിരോധിച്ച് കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കാൻ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ബെംഗളൂരു നഗരത്തിൽ താമസിക്കുന്ന നായ പരിശീലകനായ കിങ് സോൾമാൻ ഡേവിഡും മർഡോണ ജോണും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിധി.
സർക്കുലർ പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ആരുടെയും വാക്കുകൾ കേന്ദ്ര സർക്കാർ ചെവിക്കൊണ്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രൊഹിബിഷന്‍ ഓഫ് ക്രൂവല്‍ടി ടു ആനിമല്‍സ് ആക്‌ട് പ്രകാരം യാതൊരു കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകിരിച്ചില്ല. നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ നിരോധനത്തിന് ഉത്തരവിടാൻ പാടില്ലായിരുന്നു.
മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങളില്‍ സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സർക്കുലർ നിയമ വിരുദ്ധമാണെന്നും ബെഞ്ച് വിലയിരുത്തി. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച ശേഷം, ഭേദഗതിയിലൂടെ കേന്ദ്ര സർക്കാരിന് പുതിയ സർക്കുലർ പുറപ്പെടുവിക്കാമെന്ന് കോടതി പറഞ്ഞു.
ഡോഗ് ബ്രീഡ് സർട്ടിഫിക്കേഷന്‍ അധികൃതരുടെയും മൃഗക്ഷേമ സംഘടനകളുടെയും വാക്ക് സർക്കാർ കേൾക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഒരു നായ ഉടമയുടെ ഉത്തരവാദിത്തം ധാർമ്മിക ഉത്തരവാദിത്തത്തിൽ മാത്രം പരിമിതപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾക്ക് മുഴുവൻ ചികിത്സയും ഇരയ്ക്കുണ്ടായ നാശനഷ്‌ടത്തിന് പ്രത്യേക നഷ്‌ടപരിഹാരം നൽകാനും ബെഞ്ച് ഉത്തരവിട്ടു.
അമേരിക്കൻ സ്‌റ്റാഫോർഡ്ഷയർ, ടെറിയർ, ഡോഗോ അർജന്‍റീനോ, ബുൾ ഡോഗ്, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ് ഉൾപ്പെടെയുള്ള അപകടകാരികളുമായ നായ ഇനങ്ങളുടെ പ്രജനനം നിരോധിക്കുന്നതിന്, അവയെ ഉടമകൾ വന്ധ്യംകരണം ചെയ്യണമെന്നാണ് സര്‍ക്കുലര്‍. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് മാർച്ച് 12-ന് ആണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതിനെ ചോദ്യം ചെയ്‌താണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.