ബെംഗളുരു: തമിഴ്‌നാടിന് രഹസ്യമായി വെള്ളം കൊടുത്തുവെന്ന കർണാടകയിലെ മുതിർന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ആർ അശോകൻ്റെ ആരോപണത്തോട് പ്രതികരികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആർ അശോക് പറഞ്ഞത് നുണയാണ്. സംസ്ഥാനത്ത് തന്നെ ജലക്ഷാമമാണെന്നും തമിഴ്‌നാടിന് വെള്ളം നൽകില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിലെ ചാമരാജനഗർ താലൂക്കിലെ ഹെഗ്ഗവാഡിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട് വെള്ളത്തിനായി ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് ആവശ്യപ്പെട്ടാലും കേന്ദ്ര സർക്കാർ ഉത്തരവിറക്കിയാലും വെള്ളം നൽകാനില്ലെന്നും അദ്ദേഹം അറിയിച്ചു. കൃഷ്‌ണരാജ സാഗർ അണക്കെട്ടിൽ നിന്ന് തമിഴ്‌നാടിന് വെള്ളം തുറന്നുവിട്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ കർഷക ഹിതരക്ഷ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സംസ്ഥാനം തന്നെ ജലക്ഷാമം നേരിടുകയാണെന്നും തമിഴ്‌നാടിന് വെള്ളം വിട്ടുനൽകില്ലെന്നുമാണ് കർണാടക സർക്കാർ അറിയിച്ചത്.
ഹെഗ്ഡെയ്‌ക്കെതിരെ സിദ്ധരാമയ്യ: ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട കർണാടക ബിജെപി എംപി അനന്തകുമാർ ഹെഗ്ഡെയുടെ വിവാദ പരാമർശത്തിൽ എതിർപ്പറിയിച്ച് സിദ്ധരാമയ്യ. ഭരണഘടന ഭേദഗതി ബിജെപിയുടെ രഹസ്യ അജണ്ടയാണെന്നും പാർട്ടി ഇത് പുറത്തു പറഞ്ഞത് ഹെഗ്ഡെയിലൂടെ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന ഭേദഗതികൾ നടപ്പിലാക്കാൻ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും ഇതിനായി വോട്ടർമാർ പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നൽകണമെന്നുമാണ് ബിജെപി എംപി അനന്തകുമാർ ഹെഗ്ഡെ പ്രസ്‌താവന ഇറക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ എംപി നടത്തിയ പ്രസ്‌താവനയിൽ നിന്ന് ബിജെപി വിട്ടുനിന്നു. ഹെഗ്ഡെയുടെ പരാമർശം വ്യക്തിപരമാണെന്നും പാർട്ടി നിലപാടല്ലെന്നുമാണ് ബിജെപി എക്‌സിൽ കുറിച്ചത്.
എന്നാൽ അനന്തകുമാർ ഹെഗ്ഡെ ഒരു സാധാരണക്കാരനല്ലെന്നും പാർലമെന്‍റംഗമാണെന്നും, ഈ പദവിയിലിരിക്കുന്ന ഒരാൾ ഇത്തരം പരാമർശം നടത്താമോ എന്നും സിദ്ധരാമയ്യ ചോദിച്ചു. ബിജെപി ഹെഗ്ഡെയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ അദ്ദേഹം കടുത്ത എതിർപ്പറിയിച്ചു. മനുസ്‌മൃതിയിൽ വിശ്വസിക്കുന്ന പാർട്ടിയായ ബിജെപി ഭരണഘടനയെ തുടക്കം മുതൽ വിമർശിക്കാൻ തുടങ്ങിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ ബിജെപി ഭരണഘടനയോടുള്ള എതിർപ്പ് ഹെഗ്ഡെയിലൂടെ കാണിച്ചു തരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"ലോക്‌സഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ വന്നതെന്തിന് ? മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു". സിഎഎ നടപ്പാക്കിയതിൽ (Implementation of the CAA) എതിർപ്പറിയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ.
Also read: അനന്ത്കുമാർ ഹെഗ്‌ഡെയെ തെരഞ്ഞെടുപ്പിൽ നിന്ന് സ്ഥിരമായി അയോഗ്യനാക്കണമെന്ന് സിദ്ധരാമയ്യ