ബെംഗളൂരു: സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അവഗണനയ്‌ക്കെതിരായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ (Karnataka CM Siddaramaiah) നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബിജെപി കേന്ദ്രമന്ത്രിമാര്‍ക്കും ക്ഷണം (Karnataka Cabinet Protest Against Central Government). കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കാണ് പ്രതിഷേധങ്ങളില്‍ പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് സിദ്ധരാമയ്യ കത്തയച്ചത്. മന്ത്രിമാരെ കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ എംപിമാര്‍ക്കും കര്‍ണാടക മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്.
അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം നല്‍കാതെ കേന്ദ്രം സംസ്ഥാനത്തോട് അനീതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജന്തര്‍ മന്തറില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 11 മണിക്കാണ് സമരം ആരംഭിക്കുന്നത്. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ (Karnataka Deputy CM DK Shivakumar), സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, കോണ്‍ഗ്രസ് എംഎല്‍എ, എംപിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ദിവസത്തെ ധര്‍ണയാണ് സംഘടിപ്പിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന ജന്തര്‍ മന്തറിലെത്തി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. തങ്ങളുടെ പ്രതിഷേധം ഒരു പാര്‍ട്ടിയുടെയും പരിപാടിയല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിപാടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നാല് വര്‍ഷത്തിനിടെ കര്‍ണാടകയുടെ നികുതിവിഹിതത്തില്‍ 73,593 കോടിയുടെ കുറവ് വന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. 4,30,000 കോടി രൂപ ഈ വര്‍ഷം കര്‍ണാടകയില്‍ നികുതിയിനത്തില്‍ പിരിച്ചെടുത്തിരുന്നു. മഹാരാഷ്‌ട്ര കഴിഞ്ഞാല്‍ നികുതി സംഭരണത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കര്‍ണാടക. നികുതി വിഹിതമായി 37,252 കോടിയും കേന്ദ്ര പദ്ധതി വഴിയായി 13,005 കോടിയുമായി 50,257 കോടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചത്.
നൂറ് രൂപയില്‍ നിന്നും 12 രൂപ മാത്രമാണ് തങ്ങളിലേക്ക് എത്തുന്നത്. ബാക്കി വരുന്ന തുക കേന്ദ്രം കൈക്കലാക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. സംസ്ഥാനത്തിനുള്ള നികുതി വിഹിതം ഇരട്ടിയാക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം.
Also Read : കേന്ദ്ര ബജറ്റില്‍ അവഗണന; പ്രക്ഷോഭത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍, പ്രതിപക്ഷത്തിനും ക്ഷണം