ബെംഗളൂരു : നീറ്റ് പരീക്ഷക്ക് എതിരായ പ്രമേയത്തിന് അനുമതി നല്‍കി കര്‍ണാടക മന്ത്രിസഭ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച രാത്രി ചേർന്ന കർണാടക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ദേശീയ യോഗ്യത-പ്രവേശന പരീക്ഷ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താൻ അനുമതി നല്‍കണമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടുത്തിടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
നീറ്റിനെതിരായ പ്രമേയത്തിന് പുറമേ, 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്', ലോക്‌സഭ, സംസ്ഥാന നിയമസഭ എന്നിവയിലേക്കുള്ള മണ്ഡലങ്ങളുടെ അതിർത്തി നിർണയം എന്നിവക്കെതിരെയുള്ള പ്രമേയങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഈ പ്രമേയങ്ങൾ ഇന്ന്(23-07-2024) നടക്കുന്ന നിയമസഭ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കും.
ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024-ന് മന്ത്രിസഭ അംഗീകാരം നൽകിയതായും വിവരമുണ്ട്. ബ്രഹത് ബംഗളൂരു മഹാനഗര പാലികെ പുനഃസംഘടിപ്പിക്കാൻ മുൻ ചീഫ് സെക്രട്ടറി ബി എസ് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സമിതി രൂപീകരിച്ച് ഈ മാസം ആദ്യം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നഗരം ഭരിക്കാനായി ആസൂത്രണവും സാമ്പത്തിക അധികാരവുമുള്ള ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) രൂപീകരിക്കാൻ കരട് ബില്ലിൽ കമ്മിറ്റി നിർദേശിച്ചതായാണ് റിപ്പോര്‍ട്ട്.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതി 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സംബന്ധിച്ച് മാർച്ചിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സെൻസസും അതിർത്തി നിർണയ നടപടികളും ഉടൻ ആരംഭിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്.