ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രാജ്യസഭ എംപി കപിൽ സിബൽ. കഴിഞ്ഞ പത്ത് 10 വർഷമായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്‌താവനകൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നാണ് കപില്‍ സിബല്‍ തുറന്നടിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായ കപില്‍ സിബലിന്‍റെ വിമര്‍ശനം.
"കഴിഞ്ഞ 10 വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ, രാജ്യത്തിന്‍റെ പരമോന്നത ഓഫിസിൽ നിന്ന്, അതായത് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് വന്ന പ്രസ്‌താവനകൾ ഭിന്നിപ്പിക്കുന്നതാണ്. രാജ്യത്തിന്‍റെ ചരിത്രത്തില്‍ മറ്റൊരു പ്രധാനമന്ത്രിമാരും ഇത്തരം ഭിന്നിപ്പിക്കുന്ന പ്രസ്‌തവനകള്‍ നടത്തിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി അതു ചെയ്യുന്നു. അദ്ദേഹം മാത്രമല്ല, അദ്ദേഹം ഉൾപ്പെടുന്ന രാഷ്‌ട്രീയ പാർട്ടികളിലെ അംഗങ്ങളും ഇത്തരം പ്രസ്‌താവനകള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അസമില്‍, മുഖ്യമന്ത്രി 'ലൗവ് ജിഹാദി'നെയും 'പ്രളയ ജിഹാദി'നെയും കുറിച്ചാണ് സംസാരിക്കുന്നത്. കൻവാർ യാത്ര കടന്നുപോകുന്ന വഴിയിലുള്ള ഭക്ഷണശാലകൾ അവയുടെ ഉടമകളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഉത്തരവും ഇത്തരത്തില്‍ തന്നെയുള്ളതാണ്" കപില്‍ സിബല്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ തകര്‍ത്തുകൊണ്ട് ജനാധിപത്യത്തിന്‍റെ അടിത്തറ ബിജെപി നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "വർഷങ്ങളായി ഇവര്‍ പറയുന്ന തരത്തിലുള്ള കാര്യങ്ങൾ ശരിയല്ല. സിവിൽ കോഡിനെക്കുറിച്ച് നമുക്ക് ഒരു ചർച്ച നടത്തണമെന്ന് ഞാൻ കരുതുന്നു, അതില്‍ ഒരു ചര്‍ച്ച നടത്തുന്നതില്‍ കുഴപ്പമില്ല.
എന്നാൽ നിങ്ങള്‍, വിഭജന അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകുകയും തുടർന്ന് യൂണിഫോം സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുകയും ചെയ്യാനാവില്ല. ഇപ്പോൾ മുത്തലാഖ് നിർത്തലാക്കി. അപ്പോള്‍ വീട്ടിൽ നിന്ന് പുറത്താക്കിയ ഹിന്ദു സ്‌ത്രീകളുടെ കാര്യമോ?.
ബംഗ്ലാദേശിൽ നിന്നും പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഹിന്ദുക്കളുടെ കാര്യമോ?. അവരെല്ലാം ബംഗാളി ഹിന്ദുക്കളായതിനാലാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇതാണ് രാഷ്‌ട്രീയം. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഈ രാജ്യത്തെ യഥാർഥ നുഴഞ്ഞുകയറ്റക്കാർ ആരാണ്?.
അവര്‍ അട്ടിമറികളിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ തകര്‍ത്ത്, അധികാരം കവർന്നവരാണ്. അവർ രാഷ്‌ട്രീയ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി ജനാധിപത്യത്തിന്‍റെ അടിത്തറ തകർത്തു"- കബില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.