ഹൈദരാബാദ്: വെള്ളപ്പൊക്കവും പേമാരിയും ദുരിതം വിതച്ച ഹിമാചൽ പ്രദേശ് സന്ദര്‍ശിച്ച് നടിയും പാർലമെൻ്റ് അംഗവുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുളള പാര്‍ലമെന്‍റ് അംഗമാണ് കങ്കണ റണാവത്ത്. പ്രദേശത്തെ സാഹചര്യങ്ങളും രക്ഷാപ്രവർത്തനങ്ങളും എംപി വിലയിരുത്തി.
സന്ദര്‍ശനത്തിന് ശേഷം ഒരു സ്ത്രീയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം കങ്കണ റണാവത്ത് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു. അതിന് താഴെ 'ആളുകൾക്ക് എല്ലാം നഷ്‌ടമായി... ആ നഷ്‌ടത്തില്‍ എനിക്ക് അതിയായ വേദനയും വിഷമവും തോന്നുന്നു. ഞങ്ങളുടെ പ്രതീക്ഷ പ്രധാനമന്ത്രി മോദിയാണ്' എന്നും കങ്കണ കുറിച്ചു.
മറ്റൊരു സ്‌ത്രീയ്ക്ക് ഒപ്പമുളള ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് താഴെയായി 'പ്രകൃതിക്ക് മുന്നിൽ മനുഷ്യർ വളരെ ദുർബലരാണ്... അമ്മയാം ഭൂമി, ഞങ്ങളോട് ദയ കാണിക്കൂ" എന്നും എംപി എഴുതി.
യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ഹിമാചലിലെ പർവ്വതങ്ങൾ ചിലപ്പോഴൊക്കെ വളരെ ശാന്തവും, ആനന്ദകരവുമാണ്. എന്നാല്‍ ചില സമയങ്ങളിൽ ഭയപ്പെടുത്തുന്നതും അസ്ഥിരവുമാണെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം ഹിമാചലിലെ അവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് എംപി എക്‌സിലൂടെ വെളളിയാഴ്‌ച (ഓഗസ്റ്റ് 02) അറിയിച്ചിരുന്നു.
ഹിമാചലിലെ ജനങ്ങളുടെ കൂടെ താന്‍ ഉണ്ടാകുമെന്നും ബിജെപി പൂർണ പിന്തുണ നൽകുമെന്നും കങ്കണ പ്രതികരിച്ചു. ഹിമാചല്‍ പ്രദേശിനെ പഴയ നിലയിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. അതിനുളള എല്ല സഹായങ്ങളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ഹിമാചലിലെ മേഘവിസ്‌ഫോടനം, കുളുവിലും ഷിംലയിലും വെള്ളപ്പൊക്കം; 6 പേര്‍ മരിച്ചു, 53 പേരെ കാണാതായി