ന്യൂഡൽഹി: രാഷ്‌ട്ര പിതാവ് മഹാത്മ ഗാന്ധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് പങ്കുവെച്ച് വീണ്ടും വിവാദത്തിലായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഗാന്ധി ജയന്തി ദിനത്തിലാണ് കങ്കണ രാഷ്‌ട്ര പിതാവിന്‍റെ ത്യാഗത്തെ കുറച്ചുകാണുന്ന പരാമര്‍ശവുമായി രംഗത്ത് വന്നത്.
'രാജ്യത്തിന് പിതാക്കന്മാരില്ല; മക്കള്‍ മാത്രമേ ഉള്ളൂ. ഭാരത മാതാവിന്‍റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ' എന്നാണ് കങ്കണ ഇൻസ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തത്. ഇതേ പോസ്‌റ്റിൽ,ലാൽ ബഹദൂർ ശാസ്‌ത്രിക്ക് 120-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട് കങ്കണ. രാജ്യത്ത് ശുചിത്വം പരിപാലിക്കുന്നതില്‍ ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കങ്കണ പ്രശംസിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പോസ്‌റ്റ് വിവാദമായതിന് പിന്നാലെ കോൺഗ്രസ് നേതാക്കളടക്കം വിമര്‍ശനവുമായി രംഗത്ത് വന്നു. കങ്കണ മഹാത്മ ഗാന്ധിയെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് വിമര്‍ശിച്ചു.
'മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എംപി കങ്കണ ഈ മോശം പരിഹാസം നടത്തിയിരിക്കുന്നത്. ഗോഡ്‌സെ ആരാധകർ ബാപ്പുവും ശാസ്‌ത്രിജിയും തമ്മിൽ വേർതിരിവ് കാണിക്കുകയാണ്. പാർട്ടിയിലെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്ര മോദി പൂർണ്ണഹൃദയത്തോടെ ക്ഷമിക്കുമോ? നമുക്ക് രാഷ്‌ട്രപിതാവുണ്ട്, മക്കളുണ്ട്, രക്തസാക്ഷികളുമുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു.'- ശ്രീനേറ്റ് എക്‌സിൽ കുറിച്ചു.
2021-ൽ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന പരാമര്‍ശത്തില്‍ കഴിഞ്ഞ മാസവും കങ്കണ രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കര്‍ഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ബിജെപി നേതൃത്വം അടക്കം കങ്കണയെ തള്ളിപ്പറഞ്ഞതിന് പിന്നാലെ അവര്‍ പ്രസ്‌താവന പിൻവലിക്കുകയായിരുന്നു.