ഹൈദരാബാദ്: നടിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിവാദ പോസ്‌റ്റിൽ പ്രതികരണമറിയിച്ച് താരം. ലൈംഗികത്തൊഴിലാളികളുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിതം ഒരു വ്യക്തിയെയും അപമാനിക്കുന്നതിനോ തരംതാഴ്ത്തുന്നതിനോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് കോൺഗ്രസ് നേതാവിന് കങ്കണ റണാവത്ത് നൽകിയ മറുപടി. എല്ലാ സ്ത്രീകൾക്കും അവരുടെ അന്തസിന് അർഹതയുണ്ടെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് കങ്കണ തന്‍റെ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരണം അറിയിച്ചത്.
തന്‍റെ 20 വർഷത്തെ അഭിനയ ജീവിതത്തിൽ താൻ ഒരുപാട് ശക്തമായ സ്‌ത്രീ കഥാപാത്രങ്ങൾ ചെയ്‌ത ആളാണെന്നും അതിൽ പല പല സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്‌ത്രീകളുടെ കഥകൾ ആണെന്നും, ലൈംഗിക തൊഴിലാളിയായും പൊലീസുകാരിയായും, വിപ്ലവ നേതാവായുമെല്ലാം താൻ മാറിയിട്ടുണ്ടെന്നും അതുകൊണ്ട് എല്ലാ വിഭാഗത്തിലെയും സ്‌ത്രീകളും അവരുടെ അന്തസ് അർഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കങ്കണ റണാവത്തിനെ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് ബിജെപി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വിവാദ പോസ്‌റ്റ് ഉയർന്നുവന്നത്. വളരെ ഓപ്പണായുള്ള വസ്‌ത്രം ധരിച്ച കങ്കണയുടെ ചിത്രത്തിനൊപ്പം വളരെ അപകീർത്തിപ്പെടുത്തുന്ന അടിക്കുറിപ്പോടെയായിരുന്നു സുപ്രിയയുടെ പോസ്റ്റ്.
എന്നാൽ ഈ പോസ്‌റ്റ് താനല്ല പങ്കുവെച്ചത് എന്ന് പറഞ്ഞ്കൊണ്ട് സുപ്രിയ രംഗത്തെത്തിയിരുന്നു. തന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളുടെ ആക്‌സസ് ഉള്ള ഒരു വ്യക്തിയാണ് ഈ കുറ്റകരമായ സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്‌തതെന്ന് സുപ്രിയ പറഞ്ഞു. എന്‍റെ മെറ്റാ അക്കൗണ്ടുകളിലേക്ക് ആക്‌സസ് ഉള്ള ഒരാളാണ് തികച്ചും വെറുപ്പുളവാക്കുന്നതും ആക്ഷേപകരവുമായ ഒരു പോസ്റ്റ് പങ്കുവെച്ചത് അത് നീക്കം ചെയ്‌തു.
ഒരു സ്ത്രീക്കെതിരെ ഞാൻ അങ്ങനെ പറയില്ലെന്ന് എന്നെ അറിയുന്ന ആർക്കും അറിയാം. എന്നിരുന്നാലും, എന്‍റെ പേര് ദുരുപയോഗം ചെയ്യുന്നതായി ഞാൻ കണ്ടെത്തിയ ഒരു പാരൽ അക്കൗണ്ട് ട്വിറ്ററിൽ (@Supriyaparody) പ്രവർത്തിക്കുന്നു, അതാണ് മുഴുവൻ പ്രശ്‌നങ്ങൾക്കും തുടക്കമിട്ടതെന്നും അത് റിപ്പോർട്ട് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കങ്കണ റണാവത്തിനെതിരായ അധിക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ സുപ്രിയ ശ്രീനേറ്റിനെ പുറത്താക്കണമെന്നും, പാർട്ടിക്കുള്ളിൽ ഇത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കരുതെന്നും ബിജെപി നേതാവ് അമിത് മാളവ്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടു.