ഹൈദരാബാദ്: ഓസ്‌കർ പുരസ്‌കാര വേദിയിൽ അവതാരകൻ ക്രിസ് റോക്കിനെ നടൻ വിൽ സ്‌മിത്ത് അടിച്ച സംഭവത്തിൽ പ്രതികരിച്ചു കൊണ്ടുള്ള നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിന്‍റെ മുൻ പോസ്റ്റ് വീണ്ടും ചർച്ചാവിഷയമാവുന്നു. ചണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് തന്‍റെ മുഖത്തടിച്ച സിഐഎസ്‌എഫ് കോൺസ്റ്റബിളിനെ ന്യായീകരിക്കുന്നവരെ കങ്കണ വിമർശിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് അവതാരകന്‍റെ മുഖത്തടിച്ച വിൽ സ്‌മിത്തിനെ അനുകൂലിച്ചു കൊണ്ടുള്ള കങ്കണയുടെ മുൻ പോസ്റ്റ് വീണ്ടും പ്രചരിക്കാൻ തുടങ്ങിയത്.
അലോപേഷ്യ എന്ന രോഗം ബാധിച്ച് തല മൊട്ടയടിച്ചിരുന്ന വിൽസ്‌മിത്തിന്‍റെ ഭാര്യ ജെയ്‌ഡയെ കളിയാക്കുന്ന തരത്തിൽ ക്രിസ് റോക്ക് വേദിയിൽ സംസാരിച്ചപ്പോൾ പ്രകോപിതനായ വിൽ സ്‌മിത്ത് വേദിയിൽ കയറി അവതാരകന്‍റെ മുഖത്തടിക്കുകയായിരുന്നു.
തന്‍റെ അമ്മയുടെയോ സഹോദരിയുടെയോ അസുഖത്തെ ആരെങ്കിലും പരിഹസിച്ചാൽ വിൽ സ്‌മിത്ത് ചെയ്‌തത് പോലെ തന്നെ താനും മുഖത്തടിച്ച് പ്രതികരിക്കുമെന്നായിരുന്നു അന്ന് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്. അതേസമയം കര്‍ഷക സമരത്തിൽ പങ്കെടുക്കുന്നവരെ കങ്കണ പരിഹസിച്ചതിനാണ് മുഖത്തടിച്ചതെന്നും തന്‍റെ അമ്മയും കർഷകസമരത്തിന്‍റെ ഭാഗമായിരുന്നുവെന്നുമാണ് ആക്രമിച്ച സിഐഎസ്‌എഫ് കോൺസ്റ്റബിളായ പഞ്ചാബ് സ്വദേശിനി കുൽവീന്ദർ കൗർ പ്രതികരിച്ചത്.
തുടർന്ന് കോൺസ്റ്റബിളിന് പലരുടെയും പിന്തുണ ലഭിച്ചിരുന്നു. 'കങ്കണ പറയുന്നതനുസരിച്ച് വിൽ സ്‌മിത്തിന് തന്‍റെ ഭാര്യയെ കളിയാക്കിയവരുടെ മുഖത്തടിക്കാം, എന്നാൽ മറ്റ് സ്‌ത്രീകൾക്ക് തന്‍റെ അമ്മയെ പരിഹസിച്ചവരുടെ മുഖത്തടിക്കാനാകില്ല'- എന്നാണ് ഒരാൾ എക്‌സിൽ കുറിച്ചിരുന്നു.
എന്നാൽ കോൺസ്റ്റബിളിൻ്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നവരെ ക്രിമിനലുകളുടെ ഉദ്ദേശ്യങ്ങളോട് താരതമ്യപ്പെടുത്തി നടി എക്‌സിൽ പോസ്റ്റിട്ടിരുന്നു. പിന്തുണ നൽകിയവർ ആത്മപരിശോധനയ്ക്ക് വിധേയരാവണമെന്നും നടി പറഞ്ഞു. ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് ഇന്ന് (ജൂണ്‍ 6) മൂന്നരയോടെയാണ് കങ്കണ റണാവത്തിന്‍റെ മുഖത്തടിയേറ്റത്. ഛണ്ഡീഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ കുല്‍വീന്ദര്‍ കൗറിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു.