ഹൈദരാബാദ് : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്തിൽ ബിജെപിയോട് നന്ദിയറിച്ച് നടി കങ്കണ റണാവത്ത്. ബിജെപിക്ക് എന്നും തന്‍റെ നിരുപാധിക പിന്തുണ ഉണ്ടായിരുന്നെന്ന് കങ്കണ പ്രതികരിച്ചു. ഇന്നലെ ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. തന്‍റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുമാണ് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കങ്കണ മത്സരിക്കുന്നത് (Feel Honoured and Elated: Kangana Ranaut Expresses Gratitude as She Officially Joins BJP).
'എന്‍റെ പ്രിയപ്പെട്ട ഭാരതത്തിന്‍റെയും ഭാരതീയ ജനതയുടെയും സ്വന്തം പാർട്ടിയായ ബിജെപിക്ക് എന്നും എന്‍റെ നിരുപാധിക പിന്തുണയുണ്ട്. ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ ലോക്‌സഭ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയയിൽ നിന്നുമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച ഹൈക്കമാൻഡിൻ്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു' എന്ന് പറഞ്ഞായിരുന്നു താരം തന്‍റെ എക്‌സിലൂടെ പ്രതികരണമറിയിച്ചത്.
പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വമെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനവും അതിയായ സന്തോഷവുമുണ്ട്. യോഗ്യനായ ഒരു പാര്‍ട്ടി പ്രവർത്തകയും വിശ്വസ്‌തയായ ഒരു പൊതുപ്രവർത്തകയുമാകാൻ താൻ ആഗ്രഹിക്കുന്നെന്നും കങ്കണ കൂട്ടിച്ചേർത്തു. കൂടാതെ ബിജെപിയോട് നന്ദിയും അറിയിച്ചു.
അതേസമയം രാമാനന്ദ് സാഗറിന്‍റെ രാമായണത്തിൽ ശ്രീരാമനായി വേഷമിട്ട ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള നടൻ അരുൺ ഗോവിലിനെയും പാർട്ടി ഇത്തവണ മത്സരിപ്പിക്കുന്നുണ്ട്. ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കേരളം, കർണാടക, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, മിസോറാം, സിക്കിം, തെലങ്കാന, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭ സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ബിജെപി പുറത്തുവിട്ട അഞ്ചാമത്തെ സ്ഥാനാർഥി പട്ടികയിൽ 19 വനിത സ്ഥാനാർഥികളുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ ജൂൺ 4 നാണ്.
അതേസമയം കങ്കണ സംവിധായികയും നായികയുമാകുന്ന എമർജൻസി എന്ന ചിത്രം 2024 ജൂൺ 14 ന് തിയേറ്ററുകളിൽ എത്തും. കങ്കണയെ കൂടാതെ അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.