ഹൈദരാബാദ്: ചിലർ പോയാലും പാര്‍ട്ടിയ്‌ക്ക് വലിയ നഷ്‌ടങ്ങളൊന്നും സംഭവിക്കില്ലെന്ന് ബിആർഎസ് അധ്യക്ഷനും മുൻ തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു. ഭാവിയില്‍ ബിആര്‍എസിന് മികച്ച ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിആര്‍എസ് എംഎല്‍എ, എംഎല്‍സി, പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.
കൂടിക്കാഴ്‌ചയില്‍ നേതാക്കന്മാരുടെ കൂടുമാറ്റത്തെ കുറിച്ചും കെസിആര്‍ സംസാരിച്ചു. വൈഎസ്ആറിൻ്റെ ഭരണകാലത്തും ഇത്തരം പല സംഭവങ്ങളും നടന്നിട്ടുണ്ട്. അപ്പോഴൊന്നും ഭയപ്പെട്ടിട്ടില്ലെന്നും കെസിആര്‍ പറഞ്ഞു. ഇനി മുതൽ എംഎൽഎമാരെയും നേതാക്കളെയും കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോച്ചാരം ശ്രീനിവാസ റെഡ്ഡിയെപ്പോലുള്ളവർക്ക് നിരവധി അവസരങ്ങളും ബഹുമാനവും നൽകിയാൽ അവര്‍ പാർട്ടി മാറുമെന്നും ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും കെസിആർ നേതാക്കളോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ കൊണ്ട് പാർട്ടിക്ക് കോട്ടം തട്ടില്ലെന്നും ജനപിന്തുണയാണ് പ്രധാനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാവിയിൽ ബിആർഎസിന് മികച്ച ദിനങ്ങളുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജനങ്ങളുടെ കൂടെ നിന്ന് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ സമ്മർദം ചെലുത്താനും നേതാക്കളെ ഉപദേശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിൽ രേവന്ത് റെഡ്ഡി സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് സമാധാനവും സുരക്ഷയും പൂർണമായും തകർന്നതായി കെസിആർ കൂട്ടിച്ചേര്‍ത്തു.
ALSO READ: 'പാർട്ടി പ്രവർത്തകനെതിരെ ലൈംഗികാതിക്രമം'; സൂരജ് രേവണ്ണയ്‌ക്കെതിരെ രണ്ടാമത്തെ കേസ് രജിസ്‌റ്റർ ചെയ്‌തു