ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിനെ ഇടത് സഖ്യ വിദ്യാര്‍ത്ഥി യൂണിയന്‍ പരാജയപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. നാല് സുപ്രധാന സീറ്റുകളും ഇടത് വിദ്യാര്‍ത്ഥി സഖ്യം സ്വന്തമാക്കി. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയന്‍റ് സെക്രട്ടറി തുടങ്ങിയവയാണ് ഇവര്‍ തങ്ങളുടെ പേരിലേക്ക് എഴുതിച്ചേര്‍ത്തത്. ബിഹാറില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥി ധനഞ്ജയ് ആണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ അമരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്‌മീറയെ ആണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്.
അഖിലേന്ത്യ വിദ്യാര്‍ത്ഥി അസോസിയേഷന്‍ (ഐസ-AISA) പ്രതിനിധിയായാണ് ആര്‍ട്‌സ് ആന്‍ഡ് എയ്‌സ്തെറ്റിക്‌സ് (കലയും സൗന്ദര്യവും) ഗവേഷകനായ ധനഞ്ജയ് മത്സരിച്ചത്. അജ്‌മീറയ്ക്കെതിരെ 2,598 വോട്ടുകള്‍ സ്വന്തമാക്കിയാണ് മിന്നും വിജയം. അജ്‌മീറയ്ക്ക് കേവലം 1,676 വോട്ടുകളേ നേടാനായുള്ളൂ. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കേവലം സര്‍വകലാശാല വിഷയം മാത്രമല്ല മറിച്ച് രാജ്യത്തെ എല്ലാ വിഷയങ്ങളെയും ഇത് ബാധിക്കുന്നതായി ധനഞ്ജയ് പറഞ്ഞു. ഇന്ന് നമ്മുടെ രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമം നടക്കുന്നു. ജെഎന്‍യു എപ്പോഴും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനായാണ് നിലകൊണ്ടിട്ടുള്ളതെന്നും ധനഞ്ജയ് ചൂണ്ടിക്കാട്ടി.
അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗങ്ങൾ
- ചോദ്യം: എന്തൊക്കെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടിയത്?
ധനഞ്ജയ്: വിദ്യാഭ്യാസം എങ്ങനെ എല്ലാവര്‍ക്കും താങ്ങാനാകുന്നത് ആക്കാം, അതുപോലെ എല്ലാവര്‍ക്കും ഹോസ്‌റ്റല്‍ സൗകര്യം നല്‍കാന്‍ എന്ത് ചെയ്യാനാകും തുടങ്ങിയ വിഷയങ്ങള്‍ മുന്നോട്ടുവെച്ചാണ് താന്‍ വോട്ട് ചോദിച്ചത്. നയങ്ങളുടെ പേരില്‍ ജെഎന്‍യു നിരന്തരം ആക്രമിക്കപ്പെടുകയാണ്. ജെഎന്‍യുവിനുള്ള ഫണ്ടുകള്‍ വെട്ടിക്കുറച്ചുകൊണ്ടേയിരിക്കുന്നു. സീറ്റുകളുടെ എണ്ണവും കുറയ്ക്കുന്നു. നേരത്തെ വനിതകളുടെ എണ്ണം അന്‍പത് ശതമാനത്തിലും മേലെ ആയിരുന്നു. എന്നാല്‍ ഇപ്പോളിത് 35 ശതമാനത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു. നേരത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് പഠിക്കാനായി എത്തിയിരുന്നു. എന്നാലിപ്പോള്‍ ഈ സംഖ്യയിലും കുറവുണ്ടായിരിക്കുന്നു.
ജെഎന്‍യുവിനെതിരെ പല പ്രചാരവേലകളും നടക്കുന്നുണ്ട്. ചലച്ചിത്രങ്ങള്‍ പോലും സര്‍വകലാശാലയ്ക്കെതിരെ നിര്‍മ്മിച്ചു. ഇത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥികളെ വെടിവച്ച് കൊല്ലണം എന്ന് പൊതുസമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്ന തരത്തിലാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. തീര്‍ച്ചയായും ഈ വിദ്യാര്‍ത്ഥികളെ വെടിവച്ച് കൊല്ലുക തന്നെ വേണം. കാരണം ഇവര്‍ മികച്ച വിദ്യാഭ്യാസം വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ബജറ്റിന്‍റെ പത്തിലൊന്ന് ഭാഗം വിദ്യാഭ്യാസത്തിനായി ചെലവിടണമെന്ന് തങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നു. ജെഎന്‍യു പോലുള്ള മറ്റൊരു സ്ഥാപനം കൂടി മികച്ച സൗകര്യത്തോടെ സ്ഥാപിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാ പൗരന്‍മാര്‍ക്കും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കിട്ടണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നു. ഒരു പ്രത്യേക പ്രത്യയശാസ്‌ത്രത്തില്‍ മാത്രം വിശ്വസിക്കുന്ന അധ്യാപകരെ മാത്രമാണ് ഇപ്പോഴിവിടെ നിയമിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളെ എങ്ങനെ ബാധിക്കും? ക്യാംപസിനുള്ളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും തങ്ങള്‍ വിദ്യാര്‍ത്ഥികളോട് വോട്ട് തേടി.
- ചോദ്യം: എന്തൊക്കെ വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കാന്‍ പോകുന്നത്?
ധനഞ്ജയ്: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്നതാണ് എബിവിപിക്ക് വന്‍ തിരിച്ചടി നേരിടാന്‍ കാരണമായത്. അവര്‍ എപ്പോഴും ഭരണക്കാര്‍ക്കൊപ്പമാണ്. എബിവിപി ഭരണകൂടത്തിന്‍റെ അടിമകളാണ്. രാജ്യത്തെ ഭരണകൂടം വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളാണ് എപ്പോഴും കൈക്കൊള്ളുന്നത്. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന് അറുപത് ശതമാനം ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. എന്നിട്ടും എബിവിപി നിശബ്‌ദരാണ്. ജെഎന്‍യുവിലെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മോശമായിക്കഴിഞ്ഞു. സര്‍വകലാശാലയില്‍ ധാരാളം പ്രശ്‌നങ്ങളുണ്ട്. എന്നിട്ടും എബിവിപി ഭരണകൂടത്തെ പിന്തുണയ്ക്കുന്നു. ക്യാംപസിനെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം ശ്രമം നടക്കുന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥികളെ വെടിവച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന ചിത്രങ്ങള്‍ എബിവിപി ക്യാംപസില്‍ പ്രദര്‍ശിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അംഗീകരിക്കാനാകില്ല. ക്യാംപസിനുള്ളില്‍ പോലും വിദ്യാര്‍ത്ഥികളെ മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കാനാണ് എബിവിപിയുടെ ശ്രമം.
- ചോദ്യം: ക്യാംപസിനുള്ളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പ്രതിച്‌ഛായ ആണ് ജെഎന്‍യുവിനെക്കുറിച്ചുള്ളത് ഇത് എങ്ങനെ മാറ്റും?
ധനഞ്ജയ്: പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച വിദ്യാഭ്യാസം നല്‍കുന്ന സര്‍വകലാശാല മാതൃകയാണ് ജെഎന്‍യു എന്ന് ജനങ്ങളോട് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ ഏത് സംസ്ഥാനത്ത് നിന്ന് വരുന്ന വിദ്യാര്‍ത്ഥിയുടെയും താമസസൗകര്യം സര്‍വകലാശാല നോക്കിക്കൊള്ളുമെന്ന് ചിന്തിക്കാന്‍ പോലുമാകില്ല. രാജ്യത്ത് പോരാടുന്ന കര്‍ഷകര്‍ക്കെതിരെ നയങ്ങളുണ്ടാക്കുന്ന സര്‍ക്കാരാണുള്ളത്. ഇതില്‍ സര്‍ക്കാരിന്‍റെ പക്ഷത്താകും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍. മണിപ്പൂരില്‍ സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിയപ്പോള്‍ കേന്ദ്രം മൗനം പാലിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ ശബ്‌ദമുയര്‍ത്തി. ഇങ്ങനെയാണ് രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ജെഎന്‍യു ഇതിനെ എതിര്‍ക്കുന്നു. ഭരണഘടനയ്ക്ക് വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു. രാജ്യത്തെ താഴേക്കിടയിലുള്ളവര്‍ക്കൊപ്പമാണ് ഞങ്ങള്‍. മികച്ച വിദ്യാഭ്യാസവും മികച്ച തൊഴിലും സ്വപ്‌നം കാണുന്നവര്‍ക്കൊപ്പം...
- ചോദ്യം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുന്നു. മിക്കവരും പ്രശ്‌നങ്ങള്‍ നോക്കിയല്ല മുഖം നോക്കിയാണ് വോട്ട് ചെയ്യുന്നത്. അവരോട് എന്താണ് പറയാനുള്ളത്?
ധനഞ്ജയ്: ഭരണഘടനയെ സംരക്ഷിക്കേണ്ട വലിയൊരു ബാധ്യതയാണ് നമുക്ക് മുന്നിലുള്ളത്. അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോരാടേണ്ടി വരുന്നു. കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ക്ക് താങ്ങുവില ആവശ്യപ്പെടുന്നു. തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. അവര്‍ക്ക് തൊഴിലിന് കോടതികളില്‍ കേറിയിറങ്ങേണ്ടി വരുന്നു. രാജ്യത്തെ ഭൂരിപക്ഷം ജനതയും ഭരണകൂടത്തിനെതിരാണ്. തങ്ങളുടെ അവകാശസംരക്ഷണവും ഭരണഘടന സംരക്ഷണവുമാണ് അവരുടെ ദൗത്യം. വിദ്യാര്‍ത്ഥികള്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമല്ലെന്ന ശക്തമായ സന്ദേശമാണ് ജെഎന്‍യുവിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഇത്തവണ ബിജെപിയെ അധികാര ഭ്രഷ്‌ടരാക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരും.