ന്യൂഡൽഹി: ജെഎൻയു വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം മുഴുവൻ സീറ്റുകളിലേക്കും ജയം സ്വന്തമാക്കിയിരിക്കുകയാണ്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി സീറ്റുകളില്‍ എബിവിപിയെയാണ് എസ്എഫ്‌ഐ, ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍, അഖിലേന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ, ഓള്‍ ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ എന്നീ ഇടതു പാര്‍ട്ടികളുടെ സഖ്യം പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യം ജയം സ്വന്തമാക്കിയതോടെ പിഎച്ച്ഡി വിദ്യാര്‍ഥിയായ ബിഹാര്‍ ഗയ സ്വദേശി ധനഞ്ജയ് യൂണിയന്‍ പ്രസിഡന്‍റാകും.
1996-97 വര്‍ഷത്തിന് ശേഷം ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാര്‍ഥി യൂണിയനില്‍ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്ന ആദ്യ ദലിത് വിദ്യാര്‍ഥിയാണ് ധനഞ്ജയ്. ബട്ടി ലാൽ ബൈർവയ്ക്ക് ശേഷം ഇടതുപക്ഷത്ത് നിന്നുമുള്ള ആദ്യത്തെ ദലിത് പ്രസിഡന്‍റ്. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്‌മീരിയെ 922 വോട്ടിനാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്.
വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും രാഷ്ട്രീയം തള്ളിക്കളയാനുള്ള ജെഎൻയുവിലെ വിദ്യാർഥികളുടെ ജാനഹിതപരിശോധനയാണ് ഈ വിജയമെന്ന് ധനഞ്ജയ് പ്രതികരിച്ചു. തങ്ങളിലുള്ള വിശ്വാസം വിദ്യാർഥികൾ ഒരിക്കൽ കൂടി തെളിയിച്ചു. അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അതേസമയം, ഇടത് സഖ്യം വിജയമുറപ്പിച്ചതിന് ശേഷം വലിയ ആഹ്ളാദ പ്രകടനങ്ങളാണ് സർവകലാശാലയിൽ നടന്നത്. 'ലാൽ സലാം' 'ജയ് ഭീം' എന്നീ മുദ്രാവാക്യങ്ങളുമായി അവരുടെ പതാകകളുമായായാണ് വിദ്യാർഥികൾ ആഹ്ളാദ പ്രകടനം നടത്തിയത്.
എബിവിപിയുടെ ദീപിക ശർമ്മയെ 927 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എസ്‌എഫ്‌ഐയുടെ അവിജിത് ഘോഷ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തെത്തിയത്. 2,409 വോട്ടുകളാണ് അവിജിത് ഘോഷിന് ലഭിച്ചത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ബിർസ അംബേദ്‌കർ ഫൂലെ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ (BAPSA) സ്ഥാനാർഥി പ്രിയാൻഷി ആര്യ എബിവിപിയുടെ അർജുൻ ആനന്ദിനെ 926 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എബിവിപിയുടെ ഗോവിന്ദ് ദാംഗിയെ 508 വോട്ടിന് പരാജയപ്പെടുത്തിയാണ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇടതുപക്ഷത്തിൻ്റെ മുഹമ്മദ് സാജിദ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്നലെയാണ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്. കൃത്യമായ ലീഡ് നിലനിർത്തി മുന്നേറിയ ഇടത് സഖ്യം മുഴുവൻ സീറ്റിലും വിജയിച്ചു. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ എബിവിപി നേരിയ വെല്ലുവിളി ഉയർത്തിയെങ്കിലും പിന്നീട് ഇടത് സഖ്യത്തിന് അനുകൂലമായിരുന്നു സാഹചര്യം.
Also read: ജെഎൻയുവില്‍ എബിവിപിയ്‌ക്ക് തിരിച്ചടി; ഭരണം നിലനിർത്തി ഇടത് സഖ്യം, നാല് സീറ്റിലും ജയം