ശ്രീനഗർ : ജമ്മുകശ്‌മീരിൽ 500 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമാണത്തിനായി സ്ഥലം സൗജന്യമായി വിട്ടുനൽകി രണ്ട് ഇസ്‌ലാം മത വിശ്വാസികള്‍. റിയാസി ജില്ലയിലാണ് ഈ മതസൗഹാർദത്തിന്‍റെ കഥ നടന്നത്. ഖേരാൽ നിവാസികളായ ഗുലാം റസൂൽ, ഗുലാം മുഹമ്മദ് എന്നിവരാണ് തങ്ങളുടെ ഭൂമി കൻസി പട്ട ഗ്രാമത്തിലെ ഗുപ്‌ത് കാശി ഗൗരി ശങ്കർ ക്ഷേത്രത്തിന്‍റെ പുനർനിർമാണത്തിനും ക്ഷേത്രത്തിലേക്ക് റോഡ് നിർമിക്കാനുമായി ഭൂമി സംഭാവന ചെയ്‌തത്.
ഒരു കോടിയോളം വിലമതിക്കുന്ന ഭൂമിയാണ് ഇരുവരും സംഭാവന ചെയ്‌തത്. ക്ഷേത്രത്തിലേക്കുള്ള റോഡിന്‍റെ പ്രശ്‌നം ചൂണ്ടിക്കാണിച്ച് സമുദായങ്ങൾക്കിടയിൽ വിള്ളൽ രൂപപ്പെടുത്താൻ ചിലർ ശ്രമിച്ചിരുന്നതായി ഗുലാം റസൂൽ പറഞ്ഞു. ഇതേ തുടർന്ന് പ്രദേശത്തെ സമൂദായിക സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനായി പഞ്ചായത്ത് അംഗങ്ങളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് ഭൂവുടമകളായ ഗുലാം റസൂലും ഗുലാം മുഹമ്മദും തങ്ങളുടെ ഭൂമിയുടെ ഭാഗം ക്ഷേത്രത്തിനായി വിട്ടുനൽകാൻ തയ്യാറായത്.