റാഞ്ചി: ആദിവാസികളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപെയ് സോറന്‍. ആദിവാസികളുടെ ജനസംഖ്യ കുറയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അവരുടെ അസ്‌തിത്വം താന്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ ബിജെപിയിലേക്ക് ഔദ്യോഗിക എന്‍ട്രി നടത്താനിരിക്കേയാണ് മാധ്യമങ്ങളോടുള്ള പ്രതികരണം.
സംസ്ഥാനത്തിൻ്റെ വികസനവും ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം മൂലം അപകടത്തിലാകുന്ന ആദിവാസികളുടെ നിലനിൽപ്പും ലക്ഷ്യമിട്ടാണ് താൻ ബിജെപിയിൽ ചേരുന്നത്. നിരവധി വിവാദങ്ങൾക്കൊടുവിലാണ് ചംപെയ് സോറന്‍റെ ബിജെപി പ്രവേശനം. ചടങ്ങിനോടനുബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജാർഖണ്ഡ് സന്ദർശിക്കും.
ചംപെയ് സോറൻ ബിജെപിയിലേക്ക് ചേരുന്ന വിവരം ഹിമന്ത ബിശ്വ ശർമ്മയായിരുന്നു എക്‌സിലൂടെ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളൊരുക്കാൻ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി ജാർഖണ്ഡ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം.
അതേസമയം ചംപെയ് സോറൻ്റെ തീരുമാനത്തെ വിമർശിച്ച് സ്വതന്ത്ര എംപി പപ്പു യാദവ് രംഗത്തെത്തി. ചംപെയ് സോറന്‍റെ പാർട്ടി മാറ്റം നിലവിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ വിശ്വാസ്യത തകർക്കുമെന്ന് പപ്പു യാദവ് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖരെ ബിജെപി സ്വാധീനിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. ചംപെയ് സോറന്‍ ആക്‌ടിങ് മുഖ്യമന്ത്രിയായിരുന്നു. ഹേമന്ത് സോറൻ തിരിച്ചെത്തിയപ്പോൾ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ്. പാർട്ടിയിൽ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു.
Also Read:ചംപെയ് സോറന്‍റെ കൂടുമാറ്റം; 'ജാര്‍ഖണ്ഡില്‍ ബിജെപി സാന്നിധ്യം ശക്തിപ്പെടും': ബാബുലാല്‍ മറാണ്ടി