ജാർഖണ്ഡ് : നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചമ്പയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ ജാർഖണ്ഡ് എംഎൽഎമാർ ഹൈദരാബാദിലെ റിസോര്‍ട്ടിലെത്തി (CM Hemant Soren resigned). ജെഎംഎം, കോൺഗ്രസ് പാർട്ടികളിൽ നിന്നുള്ള 36 എംഎൽഎമാരും, 14 ജാർഖണ്ഡ് നേതാക്കളുമാണ് സ്വകാര്യ വിമാനത്തിൽ ഹൈദരാബാദിലെത്തിയത്. രണ്ട് പ്രത്യേക വിമാനങ്ങളിലാണ് ഇവരെ ബീഗംപേട്ടിലെത്തിച്ചത്.
തുടര്‍ന്ന് രണ്ട് എസി ബസുകളിലായി ഇവരെ ഷമീർപേട്ടിലെ ലിയോനിയ റിസോർട്ടിലേക്ക് കൊണ്ടുപോയി. സംസ്ഥാന കാര്യ ചുമതലയുള്ള ദീപ ദാസ്‌മുൻഷി, മന്ത്രി പൊന്നം പ്രഭാകർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ റിസോർട്ടുകളിലേക്ക് കൊണ്ടുപോയത്.
എഐസിസി സെക്രട്ടറി സമ്പത്ത് കുമാർ, ഖൈരതാബാദ് ഡിസിസി പ്രസിഡൻ്റ് രോഹിൻ റെഡ്ഡി, സെക്കന്തരാബാദ് ഡിസിസി പ്രസിഡൻ്റ് അനിൽ കുമാർ യാദവ്, എൽബി നഗർ കോൺഗ്രസ് നേതാവ് മൽറെഡ്ഡി റാമിറെഡ്ഡി, തുടങ്ങിയവരും നേതാക്കള്‍ക്കൊപ്പം റിസോർട്ടുകളിലേക്ക് മാറിയിട്ടുണ്ട്. തെലങ്കാന സംസ്ഥാന കോൺഗ്രസ് ഇൻചാർജ് ദീപ ദാസ്‌മുന്‍ഷിയും ഇവർക്കൊപ്പമുണ്ട് (Jharkhand MLAs reached Hyderabad).
ചമ്പയ് സോറന്‍റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപവത്കരണ നീക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ മറുഭാഗത്ത് ഓപ്പറേഷൻ താമരയിലൂടെ ഭരണം പിടിക്കാനുള്ള ചരടുവലികൾ നടത്തുകയാണ് ബിജെപി. ഈ പശ്ചാത്തലത്തിലാണ് ജെഎംഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്. എംഎൽഎമാർ കൈവിട്ടുപോകാതിരിക്കാൻ ഹൈദരാബാദിൽ ക്യാമ്പ് തുറന്നിട്ടുണ്ട്.
ഫെബ്രുവരി അഞ്ചിന് രാവിലെ ഏഴ് മണി വരെ ഇവരെ റിസോർട്ടിൽ പാർപ്പിക്കും. ഓരോ നാല് എംഎൽഎമാർക്കും ഒരു കെയർടേക്കറെ നിയമിക്കുമെന്നാണ് റിപ്പോർട്ട്. അഞ്ചാം തീയതി രാവിലെ പ്രത്യേക വിമാനങ്ങളിൽ ഇവർ വീണ്ടും ജാർഖണ്ഡിലേക്ക് തിരിക്കുമെന്നാണ് സൂചന.
Also Read: ഭൂമി കുംഭകോണ കേസ് ; ഹേമന്ത് സോറനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
ഭൂമി കുംഭകോണ കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഹേമന്ത് സോറൻ രാജിവച്ചതോടെയാണ് ജാർഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഇതിന് പിന്നാലെ മഹാ സഖ്യം ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ ചമ്പയ് സോറനെ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്‌തു. പിന്നാലെ ചമ്പയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുകയായിരുന്നു.