ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി സെക്രട്ടറി കെസി വേണു ഗോപാല്‍ എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്‌ച. വരാനിരിക്കുന്ന ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഹേമന്ത് സോറന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഞാൻ വളരെക്കാലമായി കോണ്‍ഗ്രസ് നേതാക്കളെ കാണാൻ പദ്ധതിയിട്ടിരുന്നു. ഉപചാരപൂര്‍വമുള്ള ഒരു കൂടിക്കാഴ്‌ചയായിരുന്നു. ഇനി ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താം. മറ്റെല്ലാം സമാധാനപരമാണ്. ഞങ്ങൾ പൂർണ ശക്തിയോടെ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോവുകയും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യുമെന്നും' ഹേമന്ത് സോറൻ പറഞ്ഞു.
ഹേമന്ത് സോറന്‍റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ചംപെയ് സോറൻ ബിജെപി ചേർന്നത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായിരുന്നു. നിലവിലെ സർക്കാരിന്‍റെ കാലാവധി 2024ൽ അവസാനിക്കുന്നതിനാൽ ഈ വർഷം അവസാനം ജാര്‍ഖണ്ഡും നിയമസഭ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും. എന്നാല്‍ തെരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെഎംഎം 30 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുമാണ് സംസ്ഥാനത്ത് ലഭിച്ചത്. അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 8 സീറ്റുകളുമായി ബിജെപിയാണ് മുന്നിലെത്തിയത്. ജെഎംഎം പാര്‍ട്ടിക്ക് 3 സീറ്റുകളും കോൺഗ്രസിന് 2 സീറ്റുകളുമാണ് ലഭിച്ചത്.
Also Read : ചംപെയ് സോറന്‍ ഇനി ബിജെപിയിൽ; ഔദ്യോഗിക അംഗത്വം സ്വീകരിച്ചു