ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി കോൺഗ്രസ്. ജാർഖണ്ഡ് ധനമന്ത്രി രാമേശ്വർ ഒറോൺ, മുതിർന്ന പാർട്ടി നേതാവ് അജോയ് കുമാർ, ആരോഗ്യമന്ത്രി ബന്ന ഗുപ്‌ത എന്നിവരാണ് പട്ടികയിലെ പ്രമുഖർ. രാമേശ്വർ ഒറോൺ എസ്‌സി എസ്‌ടിക്കാർക്കായി സംവരണം ചെയ്‌ത ലോഹർദാഗ സീറ്റിലും ബന്ന ഗുപ്‌ത ജംഷഡ്‌പൂർ വെസ്റ്റിലും അജോയ് കുമാർ ജംഷഡ്‌പൂർ ഈസ്റ്റിലും മത്സരിക്കും.
ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന്. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഒന്നിച്ച് മത്സരിക്കുമെന്നും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോൺഗ്രസും നിയമസഭയിലെ 81 സീറ്റുകളിൽ 70ലും മത്സരിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ ശനിയാഴ്‌ച പറഞ്ഞിരുന്നു. ബാക്കിയുള്ള സീറ്റുകളിൽ ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ മത്സരിക്കുമെന്നും ആർജെഡിയുമായും ഇടത് പാർട്ടികളുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 66 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ശനിയാഴ്‌ച ബിജെപിയും പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടി ധൻവറിലും ലോബിൻ ഹെംബ്രോം ബോറിയോയിലും സീത സോറൻ ജംതാരയിലും മത്സരിക്കും. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പൈ സോറൻ സറൈകെല്ലയിൽ നിന്നും ഗീത ബൽമുച്ചു ചൈബാസയിൽ നിന്നും ഗീത കോഡ ജഗനാഥ്പൂരിൽ നിന്നും കേന്ദ്രമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീര മുണ്ടയെ പോട്‌കയിൽ നിന്നും സ്ഥാനാർഥിയായി നാമനിർദേശം ചെയ്‌തു.
ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക. ബിജെപി 68 സീറ്റിലും എജെഎസ്‌യു 10 സീറ്റിലും ജെഡിയു രണ്ട് സീറ്റിലും എൽജെപി ഒരു സീറ്റിലും മത്സരിക്കും.
2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിൻ്റെ (യുപിഎ) ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ച 43 സീറ്റുകളിലും കോൺഗ്രസ് 31 സീറ്റുകളിലും രാഷ്ട്രീയ ജനതാദൾ 81 അംഗ നിയമസഭയിലെ ഏഴു സീറ്റുകളിലും മത്സരിച്ചിരുന്നു. അന്ന് യുപിഎ 47 സീറ്റുകളും ബിജെപി 25 സീറ്റുകളുമാണ് നേടിയത്.