പട്‌ന : ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് നേതാക്കളുടെ വാദപ്രതിവങ്ങളുമായി ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിജെപിയ്‌ക്കും മോദിയ്‌ക്കും അമിത് ഷായ്‌ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ബഹുമാനിക്കുമെന്ന് പറയുന്ന മോദി, അവരുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.
ജാര്‍ഖണ്ഡിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ റാഞ്ചിയില്‍ സംഘടിപ്പിച്ച സംവിധാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ ഒരുവശത്ത് നിന്നും ഭരണഘടനയെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ രാഹുലിന്‍റെ ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജെഡിയു നേതാവ് ഡോ.ഖാലിദ് അൻവര്‍. ഭരണഘടനയും കൊണ്ട് നടക്കുന്നുണ്ടെങ്കിലും അതിന്‍റെ മൂല്യങ്ങള്‍ പാലിക്കാൻ രാഹുല്‍ ഗാന്ധി ഒരിക്കല്‍പ്പോലും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
'എപ്പോഴും ഭരണഘടനയും വഹിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നടപ്പ്. എന്നാല്‍, ഒരിക്കല്‍ പോലും അതിന്‍റെ തത്വങ്ങള്‍ പാലിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. ഡോ.ബിആര്‍ അംബേദ്‌ക്കറുടെ ഭരണഘടനയാണ് ഈ രാജ്യത്തിന്‍റേത്.
ഈ രാജ്യത്ത് ഗോത്രവര്‍ഗക്കാരിയായ ഒരു വനിതയെ ആദ്യമായി പ്രസിഡന്‍റ് പദത്തിലെത്തിച്ചത് ബിജെപിയാണ്. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ആദിവാസി സമൂഹത്തെയും പാവപ്പെട്ടവരെയും ദ്രോഹിച്ചിട്ടേയുള്ളു. ഈ സാഹചര്യത്തില്‍ രാഹുലിന് ഒരിക്കല്‍പ്പോലും അവരുടെ പിന്തുണ ലഭിക്കാൻ പോകുന്നില്ല'- ഖാലിദ് അൻവര്‍ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ്. ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ 13നും രണ്ടാം ഘട്ടം നവംബര്‍ 20നും നടക്കും. നവംബര്‍ 23നാണ് ഫലപ്രഖ്യാപനം.
Also Read : മുന്നണിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കും, മഹാരാഷ്‌ട്രയില്‍ സീറ്റ് വിഭജനം ഉടൻ: രമേശ് ചെന്നിത്തല