ന്യൂഡല്‍ഹി: നാട്ടുകാരും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം 2024 ജൂലൈ 21 വരെ 28 പേര്‍ ജമ്മു കശ്‌മിരില്‍ കൊല്ലപ്പെട്ടെന്ന് ആഭ്യന്തരമന്ത്രാലയം. 11 ഭീകരാക്രമണങ്ങളും മേഖലയില്‍ അരങ്ങേറി. 24 ഏറ്റുമുട്ടലുകളോ പ്രത്യാക്രമണങ്ങളോ ഉണ്ടായെന്നും ആഭ്യന്തരമന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കി.
ബിജെപിയുടെ പാര്‍ലമെന്‍റംഗം പ്രദീപ് കുമാര്‍ സിങിന്‍റെ ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയത്തിന് വേണ്ടി സഹമന്ത്രി നിത്യാനന്ദ റായ് നല്‍കിയ എഴുതിത്തയാറാക്കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മേഖലയില്‍ കഴിഞ്ഞ കൊല്ലത്തേതിനെ അപേക്ഷിച്ച് ഇക്കുറി ഭീകരാക്രമണങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിനാല് സുരക്ഷാ ഉദ്യോഗസ്ഥരും പതിനാല് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കൊല്ലമിത് 44 ആയിരുന്നു. 30 സുരക്ഷ ഉദ്യോഗസ്ഥരും പതിനാല് നാട്ടുകാരുമാണ് അന്ന് കൊല്ലപ്പെട്ടത്. 2023ല്‍ 46 ഭീകരാക്രമണങ്ങളും 48 പ്രത്യാക്രമണങ്ങളുമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
2018ല്‍ 228 ഭീകരാക്രമണങ്ങളിലും 189ഏറ്റുമുട്ടലുകളിലുമായി 146 പേര്‍ മരിച്ചു. 91 സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും 55 നാട്ടുകാര്‍ക്കുമാണ് ജീവഹാനിയുണ്ടായത്. 1328 സംഘടിത കല്ലേറുണ്ടായി. 52 സംഘടിത ഹര്‍ത്താലുകളും നടന്നതായി മന്ത്രി അറിയിച്ചു. ജമ്മുകശ്‌മീര്‍ സര്‍ക്കാരിന്‍റെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.
ഭീകരതയ്ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പൂര്‍ണ അസഹിഷ്‌ണുത നയമാണ് ഭീകരാക്രമണം കുറയ്ക്കാന്‍ സഹായമായത്. സര്‍ക്കാര്‍ നയത്തിലൂടെ പ്രദേശത്തെ ഭീകര പ്രവര്‍ത്തന അനുകൂല സംവിധാനങ്ങളെ തകര്‍ക്കാനായി. സുരക്ഷ സംവിധാനങ്ങള്‍ കര്‍ശനമാക്കി. സുസ്ഥിര സമാധാനവും സ്ഥിരതയും ഉറപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനായി ഉപയോഗിച്ചു. ഭീകരതയ്ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ എത്തുന്നത് തടയാനും ഇതിലൂടെ കഴിഞ്ഞു. ദേശ വിരുദ്ധ സംഘടനകളെ നിരോധിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നവരെയും നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കുന്നവരെയും കണ്ടെത്തിയതും ഭീകരപ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ സഹായകമായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങളും ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
Also Read: സഹോദര സംസ്ഥാനത്തിന് എന്ത് സഹായത്തിനും തയ്യാര്‍; വയനാട് ദുരന്തത്തില്‍ അനുശോചിച്ച് എംകെ സ്‌റ്റാലിന്‍