ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ പുൽവാമയില്‍ ഇന്ന് രാവിലെ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടി. പുൽവാമ ജില്ലയിലെ നിഹാമ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും സുരക്ഷ സേനയും പ്രദേശത്ത് പരിശോധനയിലാണെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ നല്‍കുമെന്നും എക്‌സ് പോസ്റ്റിലൂടെ കശ്‌മീർ സോൺ പൊലീസ് അറിയിച്ചു.
പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ സൈന്യവും കശ്‌മീർ പൊലീസും ചേർന്ന് കുപ്‌വാരയിൽ സംയുക്ത തെരച്ചിൽ നടത്തിയിരുന്നു. 'ഓപ്പറേഷൻ കോട് നല' എന്ന് പേരിട്ട തെരച്ചിലില്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും മറ്റ് ഉപകരണങ്ങളുടെയും വന്‍ ശേഖരം കണ്ടെത്തി. ഭീകരരുടെ ഒരു ഒളിത്താവളം കണ്ടെത്തുകയും അത് തകർക്കുകയും ചെയ്‌തതായാണ് ലഭിക്കുന്ന വിവരം.
മെയ് ആറിന് 'ഓപ്പറേഷൻ റെഡ്വാനി പയീൻ' എന്ന മറ്റൊരു ഓപ്പറേഷനിലൂടെ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചെന്നും ചിനാർ പൊലീസ് അറിയിച്ചു. മെയ് ആറിന് രാത്രി ആരംഭിച്ച ഓപ്പറേഷൻ ഏകദേശം 40 മണിക്കൂറോളം നീണ്ടുനിന്നു. ഇതിലൂടെ ഇന്ത്യൻ സൈന്യം നാല് ഭീകരരെ ഇല്ലാതാക്കുകയും ആയുധങ്ങളുടെ ശേഖരം കണ്ടെത്തുകയും ചെയ്‌തു. ഇത് ഭീകരര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.
Also Read: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക്