ജമ്മു കശ്‌മീര്‍ : കിരു ജലവൈദ്യുത പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് 30ലധികം ഇടങ്ങളില്‍ റെയ്‌ഡ് (Jammu Kashmir Kiru Hydroelectric project corruption). മുന്‍ ജമ്മു കശ്‌മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ ഉള്‍പ്പടെയാണ് പരിശോധന നടക്കുന്നത്. കിരു ജലവൈദ്യുത പദ്ധതിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. സമഗ്രമായ അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്‌ഡെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.
റെയ്ഡ് വാര്‍ത്ത സ്ഥിരീകരിച്ച സത്യപാല്‍ മാലിക്ക് ഇത്തരം നീക്കങ്ങളില്‍ ഭയന്നു പോകുന്നയാളല്ല താനെന്ന് എക്സില്‍ കുറിച്ചു. " അസുഖം കാരണം കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഏകാധിപതി കേന്ദ്ര ഏജന്‍സിയെ വെച്ച് എന്‍റെ വീട് റെയ്ഡ് ചെയ്തിരിക്കുകയാണ്. എന്‍റെ ഡ്രൈവറേയും സഹായിയേയും അകാരണമായി റെയ്ഡ് ചെയ്ത് പീഡിപ്പിക്കുകയാണ്. ഞാന്‍ ഒരു കര്‍ഷക പുത്രനാണ്. ഇത്തരം നീക്കങ്ങളില്‍ ഭയപ്പെടില്ല. ഞാന്‍ കര്‍ഷകരോടൊപ്പം തന്നെ നില്‍ക്കും. " സത്യപാല്‍ മാലിക്ക് എക്സില്‍ എഴുതി. സത്യപാല്‍ മാലിക്കിന്‍റെ ഡല്‍ഹി ആര്‍ കെ പുരത്തുള്ള വീട്ടില്‍ രാവിലെ മുതല്‍ റെയ്ഡ് തുടരുകയാണ്. 2019 ലാണ് കിരു ജലവൈദ്യുത പദ്ധതിയുടെ 2200 കോടി രൂപയ്ക്കുള്ള അറ്റകുറ്റപ്പണി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. നേരത്തേ ഇതേ കോസന്വേഷണത്തിന്‍റെ ഭാഗമായി ജമ്മു, ശ്രീനഗര്‍, ഡല്‍ഹി, മുംബൈ, നോയിഡ, തിരുവനന്തപുരം, ദര്‍ഭംഗ ഉള്‍പ്പെടെ 14 കേന്ദ്രങ്ങളില്‍ സി ബിഐ റെയ്ഡ് നടത്തിയിരുന്നു.ആരോപണ വിധേയരായ സ്വകാര്യ കമ്പനി ചെയര്‍മാന്‍റേയും മുന്‍ എംഡിമാരുടേയും ഡയറക്ടര്‍മാരുടേയും വീടുകളിലായിരുന്നു റെയ്ഡ്.