ശ്രീനഗര്‍ : ജമ്മു കശ്‌മീര്‍ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് (സെപ്റ്റംബര്‍ 25). 90 അംഗ നിയമസഭയിലെ 24 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 25 ലക്ഷം വോട്ടർമാരാണ് 239 സ്ഥാനാർഥികളുടെ വിധിയെഴുതുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്കനുസരിച്ച് 3,502 പോളിങ് സ്റ്റേഷനുകളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിരിക്കുന്നത്. 1,056 പോളിങ് സ്റ്റേഷനുകള്‍ നഗരത്തിലായും 2,446 പോളിങ് സ്റ്റേഷനുകള്‍ ഗ്രാമത്തിലായുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനവിധി എഴുതാന്‍ രാവിലെ ഏഴ് മണി മുതല്‍ ലക്ഷങ്ങള്‍ പോളിങ് ബൂത്തിലെത്തി തുടങ്ങും. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമാപിക്കും.
#WATCH | Jammu, J&K | Preparations underway at a polling station in Jammu, set up for the Kashmiri migrants living there.
— ANI (@ANI) September 25, 2024
The second phase of voting in the Union Territory will be held today across 26 assembly constituencies in 6 districts with 25.78 lakh eligible electors. pic.twitter.com/62FFkTA57z
മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള, ജെകെപിസിസി അധ്യക്ഷൻ താരിഖ് ഹമീദ് കർറ, ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന എന്നിവർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ട്. ഗന്ദർബാൽ, ബുദ്ഗാം എന്നീ രണ്ട് സീറ്റുകളിൽ നിന്ന് അബ്‌ദുള്ള മത്സരിക്കുമ്പോൾ സെൻട്രൽ ഷാൽടെങ്ങിൽ നിന്നാണ് കര്‍റ മത്സരിക്കുന്നത്. 10 വര്‍ഷം മുന്‍പ് അവസാന നിയമസഭ തെരഞ്ഞെടുപ്പ് നടന്ന രജൗരി ജില്ലയിലെ നൗഷേര സീറ്റിൽ നിന്നാണ് റെയ്‌ന ജനവിധി തേടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻജിനീയർ റാഷിദ് സ്വന്തമാക്കിയ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയില്‍ ബീവ, ഗന്ദർബൽ സെഗ്‌മെൻ്റുകളിൽ നിന്ന് സർജൻ അഹമ്മദ് വഗേയും മത്സരത്തിനിറങ്ങിയിട്ടുണ്ട്.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷ സൗകര്യങ്ങള്‍ക്ക് നടുവിലാണ് ജമ്മു കശ്‌മീര്‍ ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. സ്‌ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി പോളിങ് ബൂത്തുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ പോളിങ് സ്റ്റേഷനുകൾ കൂടാതെ, സ്‌ത്രീകള്‍ക്ക് മാത്രമായി 26 പോളിങ് സ്റ്റേഷനുകളും, ഭിന്നശേഷിക്കാർക്ക് 26 പോളിങ് സ്റ്റേഷനുകളും, യുവാക്കൾക്ക് 26 പോളിങ് സ്റ്റേഷനുകളും, 31 അതിർത്തി പോളിങ് സ്റ്റേഷനുകളും, 26 ഹരിത പോളിങ് സ്റ്റേഷനുകളും, 22 യുണീക് പോളിങ് സ്റ്റേഷനുകളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ മാസം 18നും, 25നും ഒക്‌ടോബര്‍ ഒന്നിനുമായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 873 സ്ഥാനാര്‍ഥികളാണ് മത്സരത്തിനിറങ്ങുന്നത്. ഒന്നാം ഘട്ടത്തില്‍ 26 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍തിജ മുഫ്‌തി അടക്കമുള്ള പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടി.
ഒക്‌ടോബര്‍ ഒന്നിന് നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ നാല്‍പത് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. 415 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ മത്സരത്തിനിറങ്ങുന്നത്. ഒക്ടോബർ എട്ടിന് വോട്ടെണ്ണൽ നടക്കും.
പത്തു വർഷത്തിന് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കശ്‌മീരിന്‍റെ രാഷ്ട്രീയ ദിശ നിശ്ചയിക്കുന്നതില്‍ നിർണയാകമാകും എന്നാണ് വിലയിരുത്തല്‍. 2019ല്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കശ്‌മീരിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. വോട്ടുചെയ്യുന്നതിനോ മത്സരിക്കുന്നതിനോ ഇനി ജമ്മു കശ്‌മീരില്‍ വിലക്കില്ല എന്ന പ്രഖ്യാനത്തോടെയാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുതിയ മുഖങ്ങളും പുതിയ മത്സരങ്ങളും ഇത്തവണ കാണാം. ചിലർ അവരുടെ പാരമ്പര്യത്തിന്‍റെ മേല്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ ശബ്‌ദം ഉയര്‍ത്താനാണ് മത്സരിക്കുന്നത്.